സീറ്റ് കിട്ടാൻ യോഗിയുടെ പേരിൽ മോദിക്ക് കത്ത്, പ്രതി കുറ്റക്കാരൻ, ശിക്ഷ 20ന്
ന്യൂഡൽഹി: ഉത്തർപ്രദേശ് ജോൻപൂരിൽ പ്രാദേശികതലത്തിൽ പൊതുപ്രവർത്തനം നടത്തുന്ന ശിവാജി യാദവ്. ലക്‌നൗ കന്റോൺമെന്റ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണമെന്ന് ശിവാജിക്ക് കലശലായ ആഗ്രഹം. 2019ലെ യു.പി നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയം. തിരിഞ്ഞും പിരിഞ്ഞും നോക്കിയില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ശുപാർശ കത്ത് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചു. സംശയം തോന്നിയ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തി. സി.ബി.ഐക്ക് കൈമാറി. കത്ത് വ്യാജമാണെന്നും യോഗിയുടെ ഓഫീസ് നൽകിയതല്ലെന്നും കണ്ടെത്തി. ആ കേസിൽ പ്രതി ശിവാജി യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡൽഹി റൗസ് അവന്യു കോടതി. പൊതുപ്രവർത്തകരുടെ പേര് ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും നിസാരമായി തള്ളിക്കളയാറുണ്ട്. എന്നാൽ, ഇത്തരം പ്രവൃത്തികൾ പൊതുവിശ്വാസത്തിന്റെ അടിത്തറയെ ബാധിക്കുന്നതാണെന്ന് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ജ്യോതി മഹേശ്വരി നിരീക്ഷിച്ചു. വ്യാജരേഖ തയ്യാറാക്കിയതിന് അടക്കം ശിക്ഷ ഏപ്രിൽ 20ന് വിധിക്കും.