കിറ്റ് വിതരണത്തെച്ചൊല്ലി സംഘർഷം: അഞ്ച് പേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ കിറ്റ് വിതരണത്തെച്ചൊല്ലി ഇടതുമുന്നണി പ്രവർത്തകരും കടയുടമകളും തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്. എടവിലങ്ങ് കോതാട് അടിപൊളി നഗറിന് സമീപമുള്ള പി.കെ. സ്റ്റോഴ്‌സിലാണ് തിങ്കളാഴ്ച രാത്രി സംഘർഷമുണ്ടായത്. പി.കെ സ്റ്റോഴ്‌സ് ഉടമകളായ സജീഷ്, സനീഷ്, സരിഷ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കാര കാതിയാളം കൊച്ചിക്കാട്ട് വിനിൽ ദാസ്, പാർട്ടി മെമ്പർ പുതുവീട്ടിൽ അമീർ എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പ്രദേശങ്ങളിലെ വോട്ടർമാർക്ക് വിതരണം ചെയ്യാനായി കടയിൽ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും ഇവ വാഹനങ്ങളിൽ കടത്തുകയാണെന്നും എൽ.ഡി.എഫ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പത്ത് പേർക്കെതിരെ കേസെടുത്തു. വിഷയത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.എ. താജുദീൻ, വി.എച്ച് റിസ്വാൻ, സി.എ. ഷെഫീർ , എം.ആർ കൈലാസൻ , കെ.കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.