മയക്കുമരുന്ന് കേസുകളിലെ പ്രതി കാപ്പ ചുമത്തി ജയിലിലടച്ചു

Wednesday 08 April 2026 2:36 AM IST

കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കണ്ണൂർ താണ സ്വദേശി സി.വി സൽമാനുൽ ഫാരിസി (25) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ഹൈദരാബാദിൽ നിന്നുമാണ് പ്രതി പിടിയിലായത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ 2024 ൽ നിരോധിത മയക്കുമരുന്നുകളായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വെച്ചതിന് ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ട്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശയിൽ കണ്ണൂർ ജില്ലാ കളക്ടറാണ് ഫാരിസിനെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ടൗൺ ഇൻസ്‌പെക്ടർ എസ്.ബി കൈലാസനാഥ് പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലാക്കി. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്‌.ഐ എം.കെ നിജേഷ്, സീനിയർ സി.പി.ഒ സമീർ പനച്ചിക്കണ്ടി, സി.പി.ഒ ജിതിൻ രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.