ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്; 3 മരണം

Wednesday 08 April 2026 2:48 AM IST

ഇസ്താംബൂൾ: ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 മിനിറ്റോളം ആക്രമണം നടന്നെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.വെടിവെപ്പിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.വീഡിയോയിൽ ഒരാൾ രക്തത്തിൽ കുളിച്ച നിലയിൽ കാണാൻ കഴിയും.തോക്കുമായെത്തിയ മൂന്ന് പേർ ഇസ്രയേൽ കോൺസുലേറ്റിന് പുറത്ത് വെടിയുതിർക്കുകയായിരുന്നു.വെടിവെപ്പുണ്ടായ ഉടൻ തന്നെ സുരക്ഷാ സേന തിരിച്ചടിക്കുകയും ആക്രമണകാരികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു.സംഭവത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങൾ പൊലീസ് അടപ്പിച്ചു.

ഇസ്താബൂളിലെ ഇസ്രയേലി കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്ത് 2023ൽ മുതൽ കനത്ത സായുധ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലേക്ക് അറിയിച്ചു. അതേസമയം അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.