വഴിയിൽ കണ്ട വാഹനങ്ങളെല്ലാം തകർത്തു, കല്യാണവീട്ടിൽ സർവതും നശിപ്പിച്ചു; നാടിനെ വിറപ്പിച്ച് എട്ടംഗ സംഘം
കൊല്ലം: ഒരേ ദിവസം രണ്ടിടങ്ങളിൽ അക്രമം നടത്തി എട്ടംഗ സംഘം. ഇന്നലെ രാത്രി പടിഞ്ഞാറേ കല്ലട വിളന്തറയിലാണ് സംഭവം. ബൈക്കിലെത്തിയ സഹോദരങ്ങളെ ആക്രമിച്ച ശേഷം പ്രതികൾ ഒരു കല്യാണ വീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു.
തുറന്ന ജീപ്പിലും ബൈക്കുകളിലുമെത്തിയ സംഘമാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ഇവർ കോട്ടയ്‌ക്കാട്ട്‌മുക്കിൽ ബൈക്കിൽ എതിരെ വന്ന യുവാക്കളെ മർദിക്കുകയായിരുന്നു. വാഹനങ്ങളുടെ അമിതവേഗത ചോദ്യം ചെയ്‌തതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. കമ്പിവടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാം രാജ്, ബിനു എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് കോട്ടക്കുഴിമുക്കിലെ കല്ല്യാണവീടിന്റെ മുന്നിലെത്തിയ സംഘം റോഡില്‍ പാർക്ക് ചെയ്‌തിരുന്ന ബൈക്കുകൾ അടിച്ചുതകർത്തു. ശേഷം വീട്ടിലേക്ക് അതിക്രമിച്ച് കയറി ജനൽ ചില്ലുകളും അടിച്ചു തകർത്തു. ഒരു മണിക്കൂറിലേറെ അക്രമിസംഘം സ്ഥലത്ത് ഭീതിനിറച്ചു. കല്യാണവീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ശാസ്‌താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.