''വിജയമുറപ്പ്, പാലാ വളരും''

Thursday 09 April 2026 12:49 AM IST

കോട്ടയം : '' പാലാ ബിഷപ്പ് ഹൗസിലേയ്ക്ക് മാർച്ച് നടത്തിയവർക്കെതിരെ പ്രതികരിക്കാൻ ബി.ജെ.പി മാത്രമാണുണ്ടായിരുന്നത്. രാജ്യവിരുദ്ധത മനസിൽ സൂക്ഷിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് ബി.ജെ.പിയ്ക്ക് ചങ്കൂറ്റത്തോടെ പറയാൻ കഴിയും. എല്ലാവരേയും സമഭാവനയോടെ കാണുകയും ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് പ്രശ്നങ്ങളുണ്ടായപ്പോഴൊക്കെ ഇടപെടുകയും ചെയ്തത് ബി.ജെ.പി മാത്രമാണ്''- ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് കേരളകൗമുദിയോട് വിജയ പ്രതീക്ഷ പങ്കുവയ്ക്കുന്നു.

 മത്സരാനുഭവം എങ്ങനെ?

പാലാക്കാരുടെ സ്നേഹവും സൗഹൃദവും നേരിട്ടറിഞ്ഞ ദിവസങ്ങളാണ്. കഷ്ടപ്പാട് പറഞ്ഞ അമ്മമാർ, കെട്ടിപ്പിടിച്ചു പിന്തുണയറിയിച്ച സഹോദരങ്ങൾ. ബി.ജെ.പി പ്രവർത്തകരുടെ പൂർണമായ സഹകരണം. പൊരിവെയിലത്തും പാതിരാത്രിയിലും ഊണും ഉറക്കവും ഉപേക്ഷിച്ച് എനിക്ക് വേണ്ടി പ്രവർത്തിച്ചവർ. എല്ലാത്തിനും കൂടെ നിന്ന നേതൃത്വം, ജില്ലയിലെ നേതാക്കൾ. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ. ക്ഷേത്രങ്ങളിൽ വോട്ടു തേടിപ്പോയപ്പോൾ കുറി തൊട്ട് തന്ന ഒരുപാട് അമ്മമാരുണ്ട്. പള്ളിയിൽ പോയപ്പോൾ തലയിൽ കൈവച്ച് അനുഗ്രഹിച്ചവരുമുണ്ട്. അവരിലൊരാളായി പലരും എന്നേക്കണ്ടത് അങ്ങേയറ്റം സന്തോഷമുണ്ടാക്കുന്നു.

 എതിർ സ്ഥാനാർത്ഥികളെ കുറിച്ച് ?

പാലായിൽ യഥാർത്ഥ വികസനമുണ്ടാകാൻ എൻ.ഡി.എ വരണം. പാലായിൽ ഒന്നും ചെയ്യാൻ സമ്മതിച്ചില്ലെന്നാണ് നിലവിലെ എം.എൽ.എ പറഞ്ഞത്. പരസ്പരം പഴിചാരി പാലായുടെ വികസനത്തെ പിന്നോട്ടടിക്കുകയായിരുന്നു എതിർ സ്ഥാനാർത്ഥികളായ രണ്ട് പേരും. ഇവരോടുള്ള എതിർപ്പാണ് പ്രചാരണ കാലങ്ങളിൽ നേരിട്ട് കണ്ടത്. പാലായിൽ എൻ.ഡി.എയ്ക്ക് അനുകൂല സാഹചര്യമാണ്. മദ്ധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പാലാ. എന്നിട്ടും വികസന കാര്യത്തിൽ വളരെ പിന്നിലാണ്. പാലായും പരിസരങ്ങളും വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്.

 മനസിലുള്ള വികസന പദ്ധതികൾ ?

തൊഴിലവസരങ്ങൾ നൽകാൻ കഴിയാത്തതിനാലാണ് യുവജനങ്ങൾ കൂട്ടത്തോടെ നാടുവിടുന്നത്. ഇതിനുള്ള പരിഹാരം യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. പാലായെ ഒരു 'ഫ്രൂട്സ് വില്ലേജ്' ആക്കുകയാണ്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കാർഷിക, ടൂറിസം മേഖലകളുടെ വികസനത്തിലൂടെയും മാത്രമേ പാലായുടെ സമ്പദ്ഘടന തിരിച്ച് കൊണ്ടുവരുവാൻ കഴിയൂ. കാർഷിക മേഖലയെയും ടൂറിസത്തെയും സംയോജിപ്പിച്ചു കൊണ്ട് പാലായിൽ പുതിയ കാർഷിക സംസ്‌കാരം കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ രൂപപ്പെടുത്തും. പാലായും വികസിക്കാനും വളരാനും പോവുകയാണ്.

 വിജയ വഴിയെങ്ങനെയാണ് ?

പാലാക്കാർക്ക് ഒരുരാഷ്ട്രീയ പാർട്ടിയോടും തൊട്ടുകൂടായ്മയില്ല. അവർ അത്രയും പ്രബുദ്ധരാണ്. അത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. 22 വർഷം മുമ്പ് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന പി.സി. തോമസിന് ലോക് സഭയിലേയ്ക്ക് പാലായിൽ നിന്ന് ലഭിച്ച ഭൂരിപക്ഷം 11,000 ആണ്. പാലായുടെ രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമാണ്. അതാണ് ബി.ജെ.പിയുടെയും രാഷ്ട്രീയം.

 ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലപാട് ?

കാലങ്ങളായി ബി.ജെ.പിക്കെതിരെ ഇരുമുന്നണികളും ഉയർത്തുന്ന വ്യാജ പ്രചാരണങ്ങളുടെ മുനയൊടിയുകയാണ്. മുനമ്പത്തെ ആളുകൾ എന്റെ പ്രചാരണത്തിന് വന്നത് കണ്ടല്ലോ? ആ സമയം ഇരുമുന്നണികളും സ്വീകരിച്ച നിലപാട് അറിയാമല്ലോ? എഫ്.സി.ആർ.എ വിഷയത്തിലും ഇതേ വ്യാജ പ്രചാരണമാണ് അഴിച്ചു വിട്ടത്. ഒടുവിൽ അതിന്റെ സത്യാവസ്ഥ എല്ലാവർക്കും മനസിലായി. ന്യൂനപക്ഷങ്ങളെ എല്ലാക്കാലത്തും ഭയപ്പെടുത്തി കൂടെ നിറുത്താൻ കഴിയില്ലെന്ന് ഇരു മുന്നണികളും മനസിലാക്കണം.

 എൻ.ഡി.എയുടെ കേരളത്തിന്റെ ഭാവി ? എൽ.ഡി.എഫും, യു.ഡി.എഫും ഒന്നാണെന്ന് കേരളം തിരിച്ചറിഞ്ഞു. ഇവിടെ രഹസ്യ ധാരണയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ പരസ്യമായി എസ്.ഡി.പി.ഐക്കൊപ്പമുള്ള മുന്നണിയിലാണ് സി.പി.എമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഇവരെല്ലാം പരസ്യമായി ഇവിടെയും ഒന്നാകുന്ന കാലം വിദൂരമല്ല. ഈ സാഹചര്യത്തിൽ യഥാർത്ഥ വികസന മതേതരചേരിക്കൊപ്പം ജനങ്ങൾ അണിനിരക്കും. അത് എൻ.ഡി.എ മാത്രമാണെന്ന് ജനങ്ങൾ മനസിലാക്കി.