അടിയൊഴുക്കുകൾ ഫലം നിർണയിക്കും

Thursday 09 April 2026 12:50 AM IST

കോട്ടയം : തരംഗമെന്ന് യു.ഡി.എഫ്, നില മെച്ചപ്പെടുത്തുമെന്ന് എൽ.ഡി.എഫ്, അട്ടിമറി ഉണ്ടാകുമെന്ന് എൻ.ഡിഎ. മൂന്നു മുന്നണിനേതാക്കളും പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സാമുദായിക വോട്ടുകൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകളാകും കോട്ടയത്ത് ജയപരാജയം നിർണയിക്കുക. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളായിരുന്നു 2021ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫ് കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി സീറ്റുകളും നേടി. മൂന്നുമുന്നണികളും വിവിധ വിഷയങ്ങൾ ഉയർത്തി മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തിയെങ്കിലും ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂലമായട്രെൻഡ് കാണിക്കാതെ നിസംഗതാമനോഭാവമാണ് വോട്ടർമാരിൽ പൊതുവെ പ്രകടമായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം ശബരിമല സ്വർണക്കൊള്ള വിവാദം വഴി എൽ.ഡി.എഫ് വിരുദ്ധ ഹൈന്ദവ വോട്ടുകളും ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അതേസമയം സർക്കാർ വിരുദ്ധത വോട്ടർമാർക്കിടയിൽ അനുഭവപ്പെട്ടില്ലെന്നും, ശബരിമല വിവാദം ഏശില്ലെന്നും, സിറ്റിംഗ് എം.എൽ.എമാരുടെ വികസന നേട്ടങ്ങൾ വോട്ടാകുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. ഇരു മുന്നണികളുടെയും 'ഒത്തുകളി ' മനസിലാക്കിയ വോട്ടർമാർ എൻ.ഡി.എ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അട്ടിമറി വിജയം പല മണ്ഡലങ്ങളിലും ഉണ്ടാകുമെന്നാണ് എൻ.ഡി.എ നേതാക്കളുടെ അവകാശവാദം.

പറന്നെത്തില്ല ആ വോട്ടുകൾ

മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും എസ്.ഐ.ആർ പരിശോധനയിൽ ഒഴിവാക്കിയ അവസാന വോട്ടർപട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ വോട്ട് കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം കാരണം വിമാന സർവീസുകൾ തടസപ്പെട്ടതിനാൽ സ്ഥിരമായി വോട്ടുചെയ്യാൻ വരാറുള്ള വിദേശ മലയാളികളുടെ വോട്ടിലും കുറവുണ്ടായിട്ടുണ്ട്. ഇത് പോളിംഗ് ശതമാനത്തിൽ കുറവ് വരുത്തിയേക്കാം.

2021 ലെ പോളിംഗ് ശതമാനം

കോട്ടയം : 72.51%

ഏറ്റുമാനൂർ : 72.90%

ചങ്ങനാശേരി : 70.30%

പുതുപ്പള്ളി : 73.22%

കടുത്തുരുത്തി : 68.05%

പാലാ : 72.55%

കാഞ്ഞിരപ്പള്ളി : 72.13%

പൂഞ്ഞാർ : 72.47%

വൈക്കം : 75.61%

''വൈക്കമടക്കം ഒമ്പത് സീറ്റും പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്. യു.ഡി.എഫ് ജില്ലയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് ജില്ലാ കൺവീനർ

''യു.ഡി.എഫ് അനുകൂല തരംഗമോ ഭരണവിരുദ്ധതയോ ഇല്ലാത്ത സാഹചര്യമാണുള്ളത്. നിലവിലുള്ള അഞ്ചുസീറ്റ് നിലനിറുത്തുനതിനൊപ്പം കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കും.

-പ്രൊഫ.ലോപ്പസ് മാത്യു, എൽ.ഡി.എഫ് ജില്ലാ കൺവീനർ

''ജില്ലയിൽ ഇത്തവണ എൻ.ഡി.എ അട്ടിമറി വിജയം നേടും. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ഉറപ്പായും പ്രതീക്ഷിക്കുന്നു. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കും.

ലിജിൻ ലാൽ, ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ്