വോട്ടെടുപ്പിന് മാത്രം തുറക്കുന്ന ബോണക്കാട് ഗവൺമെന്റ് സ്കൂൾ

Thursday 09 April 2026 1:52 AM IST

വിതുര: മലമുകളിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബോണക്കാട് ഗവ. യു.പി സ്കൂൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. പക്ഷേ പഠിക്കുവാനായി വിദ്യാർത്ഥികളും പഠിപ്പിക്കുന്നതിനായി അദ്ധ്യാപകരും എത്തില്ല. പകരം വോട്ട് രേഖപ്പെടുത്തുന്നതിനായി നൂറുകണക്കിന് സമ്മതിദായകർ രാവിലെ മുതൽ സ്കൂളിലെത്തും. ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളാണ് സ്കൂളിൽ വോട്ട് ചെയ്യാനായെത്തുന്നത്.

തൊഴിലാളികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ബോണക്കാട് വാർഡിൽ പ്രവർത്തിക്കുന്ന ഏക പോളിംഗ് സ്റ്റേഷനാണ് സ്കൂൾ. നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, പാർലമെന്റ് തിരഞ്ഞെടുപ്പിലും സ്കൂൾ പോളിംഗ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്നു.

വിദ്യാർത്ഥികളില്ല

കുട്ടികളുടെ അഭാവം മൂലം ബോണക്കാട് സ്കൂൾ അടഞ്ഞുകിടക്കുവാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നു. നേരത്തേ ഇരുനൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ബോണക്കാട് എസ്റ്റേറ്റിന്റെ തകർച്ച കാരണമാണ് അടച്ചുപൂട്ടിയത്. എസ്റ്റേറ്റിന് പൂട്ട് വീണിട്ട് ഇരുപത് വർഷം കഴിഞ്ഞു. തൊഴിലാളികളിൽ കൂടുതലും തമിഴ്നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഇവിടെയുള്ള വിദ്യാർത്ഥികൾ വിതുര,മരുതാമല സ്കൂളുകളിലാണ് പഠിക്കുന്നത്.

സ്കൂൾ തുറക്കണമെന്ന്

വിതുരപഞ്ചായത്തിൽ അടഞ്ഞുകിടക്കുന്ന ഏക സ്കൂളാണ് ബോണക്കാട് യു.പി.എസ്. കഴിഞ്ഞ വർഷം വിദ്യാഭ്യാസമന്ത്രിയും ധനകാര്യമന്ത്രിയും ബോണക്കാട് എസ്റ്റേറ്റ് സന്ദർശിച്ചപ്പോൾ സ്കൂൾ തുറക്കണമെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥികൾ ബോണക്കാട് എത്തിയപ്പോഴും സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. വിജയിപ്പിച്ചാൽ സ്കൂൾ തുറക്കാമെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ വാഗ്ദാനം നടത്തിയത്.