അസാം; മണ്ണിന്റെ മക്കൾ വാദവും പാസ്‌പോർട്ട് വിവാദവും

Thursday 09 April 2026 12:08 AM IST

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം അഥവാ എസ്.ഐ.ആർ നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ അസാമിൽ ഭരണകക്ഷിയായ ബി.ജെ.പി ഉയർത്തുന്ന പ്രധാന വിഷയം കുടിയേറ്റമാണ്. എസ്.ഐ.ആർ ജനസംഖ്യാ ഫിൽട്ടറിംഗിലേക്ക് നയിക്കുമെന്ന ആരോപണം ഏറ്റവുമധികം ബാധകമായ അസാമിൽ അതേച്ചൊല്ലിയുള്ള പുകിലുകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ സജീവമാക്കിയതും.

പുറത്തുനിന്നുള്ളവർ അസാമിനെ നിയന്ത്രിക്കുന്നത് ഇല്ലാതാക്കുമെന്നാണ് ഹാട്രിക് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ബി.ജെ.പിയുടെ വാഗ്‌ദാനം. പ്രചാരണം നടത്തവെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഊന്നൽ നൽകിയതും കുടിയേറ്റം ചെറുക്കുമെന്ന വാദത്തിനാണ്. ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കുന്നതു വരെ അസാം തിരഞ്ഞെടുപ്പ് ഗോദയെ സംഭവബഹുലമാക്കിയതും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.

പ്രചാരണം അവസാനലാപ്പിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനിക്കി ഭുയാൻ ശർമ്മയ്‌ക്ക് മൂന്ന് പാസ്‌പോർട്ടുണ്ടെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചത്. അതുന്നയിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയെ തിരക്കി നടപ്പാണ് അസാം കോൺഗ്രസ്. യഥാർത്ഥത്തിൽ പാസ്‌പോർട്ട് ആദ്യം വിഷയമാക്കിയത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ്. ലക്ഷ്യമിട്ടത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ലോക്‌സഭാ എം.പിയുമായ ഗൗരവ് ഗൊഗോയിയെ. അതും ഗൗരവ് ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നറിഞ്ഞപ്പോൾ.

ഗൗരവിന്റെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്ത് കോളിബെണിനെ ചുറ്റിയായിരുന്നു ഹിമന്തയുടെ ആക്രമണം. എൻ.ജി.ഒയുടെ ഭാഗമായി പാകിസ്ഥാനിൽ പ്രവർത്തിക്കവെ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധപ്പെട്ടെന്നും മുൻ പാക് ആസൂത്രണ കമ്മിഷൻ ഉപദേശകൻ തൗഖീർ ഷെയ്‌ഖിനു കീഴിൽ പ്രവർത്തിച്ചെന്നും ഹിമന്ത ആരോപിച്ചു. 2022-ൽ ഗൗരവ് തന്റെ പ്രായപൂർത്തിയാകാത്ത മകന് ബ്രിട്ടീഷ് പാസ്‌പോർട്ട് ലഭിക്കാൻ ഇന്ത്യൻ പാസ്‌പോർട്ട് തിരികെ നൽകിയെന്ന് മറ്റൊരു ആരോപണം. ഗൗരവിന് ഇന്ത്യയോട് പ്രതിപത്തിയില്ലെന്നും കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നയത്തോട് ചേർന്നു നിൽക്കുന്നുവെന്നും സ്ഥാപിക്കാനായിരുന്നു ശ്രമം.

വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ, റിനികി ഭൂയാൻ ശർമ്മയ്‌‌ക്ക് യു.എ.ഇ, ആന്റിഗ്വ, ബാർബുഡ, ഈജിപ്ത് പാസ്‌പോർട്ടുകൾ ഉണ്ടെന്ന വലിയ ആരോപണവുമായി കോൺഗ്രസ് തിരിച്ചടിച്ചു. എലിസബത്തിനെ ലക്ഷ്യമിട്ട ബി.ജെ.പിക്ക് അതേ നാണയത്തിലായിരുന്നു മറുപടി. ഇതു തള്ളിയ ഹിമന്ത,​ കോൺഗ്രസ് കൊണ്ടുവന്ന രേഖകൾ ഒരു പാകിസ്ഥാൻ സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ നിന്നുള്ളതാണെന്ന മറുവാദമുയർത്തി. പാകിസ്ഥാൻ മാദ്ധ്യമങ്ങളിൽ ഗൗരവ് ഗൊഗോയിക്ക് നല്ല പേരാണെന്നും അദ്ദേഹം പറഞ്ഞു. പാക് ചാനലുകൾക്ക് അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമെന്തെന്നും ഹിമന്ത ചോദിക്കുന്നു.

ഹിമന്ത അസമീസ് ബ്രാഹ്മണനും ഗൊഗോയ് അഹോം സമുദായക്കാരനുമാണ്. അഹോം സമുദായത്തിന് സ്വാധീനമുള്ള അപ്പർ അസമിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹിമന്ത. എതിർചേരിയെ നയിക്കുന്ന അഹോം സമുദായക്കാരനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അതിനാൽ അപ്പർ അസാമിലെ രാഷ്ട്രീയത്തിലും നിർണായകം. രജോർദൾ നേതാവ് അഖിൽ ഗൊഗോയിയുമായും അസം ജനതിയ പരിഷത്തിന്റെ ലുരിൻജ്യോതി ഗൊഗോയിയുമായും കോൺഗ്രസ് സഖ്യമുണ്ടാക്കിയതും അപ്പർ അസാമിൽ ബി.ജെ.പിക്ക് ഭീഷണിയാണ്. മുസ്ളീം ഭൂരിപക്ഷ ലോവർ അസം പരമ്പരാഗതമായി കോൺഗ്രസിന്റെ വോട്ട് ബാങ്കാണ്. മൂന്നാം കക്ഷിയായ ബദറുദ്ദീൻ അജ്‌മലിന്റെ എ.ഐ.യു.ഡി.എഫിനും സ്വാധീനമുണ്ട്.

അസാം: 2021

ആകെ സീറ്റ് 126

എൻ.ഡി.എ:

ബി.ജെ.പി- 60

അസാം ഗണപരീക്ഷത്ത്- 9

യു.പി.പി.എൽ- 6

പ്രതിപക്ഷം:

കോൺഗ്രസ് -29

എ.ഐ.യു.ഡി.എഫ്- 16

ബി.പി.എഫ്- 4

സി.പി.എം-1

സ്വതന്ത്രൻ-1