സ്ഥാനാർത്ഥികൾ ഇന്നലെയും വോട്ട് തേടിയെത്തി
പാറശാല:തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെയും സ്ഥാനാർത്ഥികളും അണികളും പാറശാല മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു.പാറശാല മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കുടപ്പനമൂട്,വെള്ളറട,പൂവൻകുഴി എന്നിവിടങ്ങളിലെത്തി കുടുംബയോഗങ്ങളിൽ പങ്കെടുത്തും നാട്ടുകാരെ നേരിൽ കണ്ടുമാണ് വോട്ട് അഭ്യർത്ഥന നടത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഗിരീഷ് നെയ്യാർ കള്ളിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഭവന സന്ദർശനം നടത്തി.രാവിലെ കള്ളിക്കാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും ഉദിയൻകുളങ്ങരയിലെ ഇലങ്കം ക്ഷേത്ര ഉത്സവത്തിലും പങ്കെടുത്ത ശേഷമാണ് പഞ്ചായത്തിൽ പര്യടനം നടത്തിയത്.കുന്നത്തുകാലിൽ നടന്ന വിവാഹ ചടങ്ങിലും തുടർന്ന് മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു.യു.ഡി.എഫ് സ്ഥാനാർഥി നെയ്യാറ്റിൻകര സനൽ ഇന്നലെ അതിരാവിലെ തന്നെ പശുവണ്ണറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെയും തുടർന്ന് കവലയിലെ വ്യാപാരി സുഹൃത്തുക്കളെയും നാട്ടുകാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു.കീഴാറൂർ ജംഗ്ഷനിലെത്തി പ്രാദേശിക നേതാക്കൾ,വ്യാപാരികൾ,നാട്ടുകാർ തുടങ്ങിയവരോടും വോട്ട് അഭ്യർത്ഥിച്ചു.