വാളയാർ ആൾക്കൂട്ടക്കൊല; പ്രതി ജീവനൊടുക്കിയ നിലയിൽ
Thursday 09 April 2026 1:48 AM IST
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനെ മർദ്ദിച്ചു കൊന്ന കേസിലെ 6ാംപ്രതി ജീവനൊടുക്കിയ നിലയിൽ. ജാമ്യത്തിലായിരുന്ന കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിഥി തൊഴിലാളിയുടെ മരണവും കേസും സൃഷ്ടിച്ച മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ മണ്ണാർക്കാട് സ്‌പെഷൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ സംഘം ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.