ഓറിയോൺ ചാന്ദ്രമണ്ഡലം വിട്ടു, ശനിയാഴ്ച പുലർച്ചെ ഭൂമിയിൽ

Thursday 09 April 2026 12:52 AM IST

തിരുവനന്തപുരം:ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര തുടങ്ങി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 10:55ഓടെ ഒറിയോൺ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ പരിധി പിന്നിട്ടു.

ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ ഒരു 'സെലസ്റ്റിയൽ സ്ലിംഗ്‌ഷോട്ട്' പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗത കൈവരിച്ചാണ് പേടകം കുതിക്കുന്നത്. ഇപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിലാണ് പേടകം സഞ്ചരിക്കുന്നത്. മറ്റ് പ്രതിസന്ധികളില്ലെങ്കിൽ ഏപ്രിൽ 11 ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5:37ഓടെ അമേരിക്കയിലെ സാൻ ഡീഗോ തീരത്ത് പസഫിക് സമുദ്രത്തിൽ പേടകം പതിക്കും. നാല് യാത്രികരാണ് പേടകത്തിലുള്ളത്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ രണ്ടു വെല്ലുവിളികൾ നേരിടും.അന്തരീക്ഷത്തിലേക്കുള്ള പ്രവേശന ആംഗിൾ കുറവാണെങ്കിൽ പേടകം അന്തരീക്ഷത്തിന് പുറത്തേക്ക് തെറിച്ചുപോകും. ആംഗിൾ കൂടിയാൽ കഠിനമായ ഘർഷണം മൂലം അമിതമായി ചൂട് അനുഭവപ്പെടും. ഇതാണ് ആദ്യവെല്ലുവിളി. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിലാണ് ഒറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുക. അന്തരീക്ഷവുമായുള്ള ഘർഷണം മൂലം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.ഇത് മറികടക്കുകയാണ് രണ്ടാമത്തെ വെല്ലുവിളി.

കടലിൽ പതിക്കുന്ന പേടകത്തെ വീണ്ടെടുക്കാൻ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള വ്യൂഹം നിലയുറപ്പിച്ചിട്ടുണ്ട്. പേടകത്തിലെ പാരച്യൂട്ടുകൾ വിടരുകയും വെള്ളത്തിൽ പതിക്കുകയും ചെയ്താലുടൻ മുങ്ങൽ വിദഗ്ധർ സഞ്ചാരികളെ പുറത്തെടുത്ത് കപ്പലിലേക്ക് മാറ്റും.