മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവച്ചു,​ പിന്നീട് വിട്ടയച്ചു

Thursday 09 April 2026 12:59 AM IST

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീ അടക്കം 11 പേരെ റെയിൽവേ പൊലീസ് തടഞ്ഞുവച്ചു. മലയാളി ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർത്ഥിനികളെയുമാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തത്. സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ സഭ അംഗങ്ങളാണ് കന്യാസ്ത്രീകൾ. അവധിക്ക് നാട്ടിലേക്ക് പോകാനെത്തിയതാണ് രണ്ട് കന്യാസ്ത്രീകളും വിദ്യാർത്ഥിനികളും. അവരെ യാത്രയാക്കാനാണ് മലയാളി കന്യാസ്ത്രീയെത്തിയത്. ഇതിനിടെ, മനുഷ്യക്കടത്ത് ആരോപിച്ച് റെയിൽവേ പൊലീസ് വളയുകയായിരുന്നു. മലയാളി കന്യാസ്ത്രീ ഇൻഡോർ രൂപതയെ ഉടൻ വിവരമറിയിച്ചു. ബിഷപ്പ് റവ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ഉന്നത റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ കാര്യങ്ങൾ അറിയിച്ചതോടെ വിട്ടയയ്ക്കുകയായിരുന്നു. നേരത്തെ ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്‌തു ജയിലിലടച്ചത് വിവാദമായിരുന്നു.