എല്ലാ കണ്ണുകളും അമ്പലപ്പുഴയിൽ
ആലപ്പുഴ: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ഏറ്റവും വലിയ അഭിമാനപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് അമ്പലപ്പുഴ. പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി രംഗത്തിറങ്ങിയ മുൻമന്ത്രി ജി.സുധാകരൻ യു.ഡി.എഫിന് സീറ്റ് പിടിച്ചെടുത്ത് കൊടുക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്നാഴ്ച്ച നീണ്ട പ്രചരണം അവസാനിച്ചപ്പോൾ മികച്ച വിജയ പ്രതീക്ഷയിലാണ് ജി.സുധാകരനും യു.ഡി.എഫ് ക്യാമ്പും. അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മുമ്പ് അമ്പലപ്പുഴയുടെ ജനപ്രതിനിധിയായിരിക്കെ, ജി.സുധാകരൻ നടത്തിയ വികസനപ്രവർത്തനങ്ങളാണ് പ്രധാന തുറപ്പു ചീട്ട്. ഒപ്പം സുധാകരന്റെ അഴിമതിരഹിത മുഖഛായയും ജനകീയ ഇമേജും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിലെ ചെറിയ റോഡുകളും പാലങ്ങളും പോലും യാഥാർത്ഥ്യമാക്കുന്നതിൽ സുധാകരൻ വഹിച്ച പങ്ക് പ്രചാരണത്തിൽ പ്രധാനമായിരുന്നു. വി.എസിന്റെ ജന്മനാട് കൂടിയായ മണ്ഡലത്തിൽ, അദ്ദേഹം മരണപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോഴും ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിൽ പാർട്ടിയിൽ നിന്ന് ഇടപെടലുണ്ടാകാത്തതിൽ സി.പി.എം പ്രവർത്തകർക്കിടയിൽ തന്നെ നീരസം ഉടലെടുത്തിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, വൻനിര പ്രചരണങ്ങളുണ്ടാവില്ലെന്ന് സുധാകരൻ പറഞ്ഞിരുന്നെങ്കിലും യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ കളം മാറി. സ്വീകരണകേന്ദ്രങ്ങളിലും റോഡ് ഷോയിലുമടക്കം വലിയ ജനപങ്കാളിത്തവും ദേശീയ നേതാക്കളുടെ സാന്നിദ്ധ്യവുമാണ് അനുഭവപ്പെട്ടത്.
അതേസമയം, തുടർഭരണം നഷ്ടമായാൽ പോലും അമ്പലപ്പുഴയിൽ എച്ച്.സലാം തോൽക്കരുതെന്ന ഉറച്ച നിലപാടിൽ ഓരോ വോട്ടും നഷ്ടപ്പെടാതെ നേടിയെടുക്കാനുള്ള തീവ്രശ്രമമാണ് ഇടത് ക്യാമ്പ് നടത്തിയിട്ടുള്ളത്. പാർട്ടി വോട്ടുകളിൽ ഭിന്നതയുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടാകില്ലെന്നാണ് എൽ.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. മുമ്പൊന്നുമില്ലാത്ത വിധം ആഴ്ചകളോളം കേന്ദ്ര - സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് താഴെത്തട്ടിൽ വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ മോശമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ പറഞ്ഞിരുന്നു.
ബി.ജെ.പി വോട്ടുകളിൽ നിന്ന് ചോർച്ചയുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയാണ് എൻ.ഡി.എ ക്യാമ്പ് പങ്കുവയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ സൃഷ്ടിച്ച ഓളത്തിന്റെ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. ഇതേ ട്രെൻഡ് നിലനിറുത്തി വോട്ടുവിഹിതം എൻ.ഡി.എ സ്ഥാനാർത്ഥി അരുൺ അനിരുദ്ധന് വർദ്ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
അമ്പലപ്പുഴയിൽ കൂടുതൽ കേന്ദ്രസേന
മണ്ഡലത്തിൽ വോട്ടർമാരെ തടയാനും പോളിംഗ് ബൂത്തിനുള്ളിൽ കലഹമുണ്ടാക്കാനും നീക്കങ്ങളുള്ളതായി കാണിച്ച് ജി.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.സനൽകുമാർ സമർപ്പിച്ച ഹർജി തീർപ്പാക്കി. 33 ബൂത്തുകളിൽ കേന്ദ്രസേനയെയടക്കം വിന്യസിച്ച്, 195 ബൂത്തുകളിലും ഭദ്രമായി തിരഞ്ഞെടുപ്പ് നടത്താൻ പൊലീസ് സംവിധാനം ഏർപ്പെടുത്തി. ജില്ലയിലാകെ വിന്യസിച്ചിരിക്കുന്ന അഞ്ച് കമ്പനി കേന്ദ്രസേനയിൽ ഒരു കമ്പനി അമ്പലപ്പുഴ മണ്ഡലത്തിന് മാത്രമായി നീക്കിയിരിക്കുകയാണ്. ഇരുന്നൂറ് അംഗ കേന്ദ്ര പൊലീസ് സംഘം കൂടി ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും മുമ്പ് മണ്ഡലത്തിലെത്തും.