ഊർജ്ജ മേഖലയിൽ കുതിപ്പ്: രാജസ്ഥാനിലെ പഛ്പദ്ര റിഫൈനറി 21ന് തുറക്കും

Thursday 09 April 2026 2:38 AM IST

ന്യൂഡൽഹി: രാജസ്ഥാനിലെ പഛ്പദ്ര റിഫൈനറിയുടെ ആദ്യഘട്ടം 21ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. പ്രതിവർഷം 90 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ ശേഷിയുണ്ട്. 79,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രാജസ്ഥാന്റെ വ്യവസായ മേഖലയുടെ വളർച്ചയ്‌ക്ക് പ്രോത്സാഹനമാകും.

റിഫൈനറിയിൽ ക്രൂഡ് ഓയിൽ സംസ്‌കരണത്തിനുള്ള ട്രയൽ റൺ ജനുവരിയിൽ ആരംഭിച്ചിരുന്നു. ഹിന്ദു പെട്രോളിയം കോർപറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് നടപ്പാക്കുന്നത്. 2013ൽ അന്നത്തെ യു.പി.എ ചെയർപേഴ്സൺ സോണിയാ ഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടു. 2018 ജനുവരിയിൽ നരേന്ദ്രമോദി ഔപചാരിക തുടക്കമിട്ടു. ഇറക്കുമതി ചെയ്യുന്നവയ്‌ക്കൊപ്പം രാജസ്ഥാനിൽ നിന്ന് ലഭിക്കുന്ന ക്രൂഡ് ഓയിലും ഇവിടെ ശുദ്ധീകരിക്കും.

പെട്രോ കെമിക്കൽ പ്ലാന്റും

 അത്യാധുനിക ബി.എസ് 6 സ്റ്റാൻഡേഡ് റിഫൈനറി

 റിഫൈനറിക്ക് പുറമെ പെട്രോ കെമിക്കൽ പ്ലാന്റുമുണ്ട്

 പരിസ്ഥിതി സംരക്ഷണത്തിന് സീറോ ലിക്വിഡ് എഫ്ലുവന്റ് ഡിസ്ചാർജ് സംവിധാനം

 ക്രൂഡ് ഓയിൽ ശുദ്ധീകരണ സമയത്ത് ദ്രാവക മാലിന്യം പുറത്തേക്ക് ഒഴുക്കില്ല

താർ മരുഭൂമിയിൽ

റെക്കാഡ് ഉത്പാദനം

രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്ന് റെക്കാഡ് ക്രൂഡ് ഓയിൽ ഉത്പാദനമാണ് കൈവരിച്ചത്. ജോധ്പൂർ ബാഘേവാല എണ്ണപ്പാടങ്ങളിൽ നിന്ന് പ്രതിദിനം 1202 ബാരലാണ് സംസ്‌കരിച്ചെടുക്കുന്നത്. 2025-26ൽ രാജസ്ഥാനിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള 43,773 മെട്രിക് ടൺ ക്രൂഡ് ഓയിലാണ് വേർതിരിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തികവർഷമിത് 32,787 മെട്രിക് ടൺ ആയിരുന്നു.