17കാരിയെ പീഡിപ്പിച്ച കേസ്: യുവതി ഉൾപ്പെടെ 2 പേർക്ക് തടവും പിഴയും

Thursday 09 April 2026 11:10 PM IST

ആലുവ: സ്പാ ജീവനക്കാരിയായിരുന്ന 17കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആലപ്പുഴ ചേർത്തല സ്വദേശി രാഗേഷിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, തൃശൂർ സ്വദേശിനി ഗായത്രിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്ട്രാക് (പോക്സോ) കോടതി സ്പെഷൽ ജഡ്ജിയുടേതാണ് ശിക്ഷാവിധി.

രാഗേഷിന് മൂന്ന് തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഓരോന്നിനും അഞ്ച് വർഷം വീതം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2022ൽ രജിസ്റ്റർ ചെയ്ത കേസിൽ പാലാരിവട്ടം പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ അമ്മയും സുഹൃത്തും ചേർന്നാണ് സ്പായിൽ ജോലിക്കെത്തിച്ചത്. എന്നാൽ ഇവിടെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴിയുണ്ട്.

പ്രതി ഗായത്രി ഇവിടെ ജീവനക്കാരിയായിരുന്നു. ഗായത്രിയുടെ സുഹൃത്തായ രാഗേഷുമായി പെൺകുട്ടി പരിചയത്തിലായി. തുടർന്ന് പ്രതികൾ ചേർന്ന് എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുമടക്കമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം കോഴിക്കോട് കൂരാച്ചുണ്ട് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പാലാരിവട്ടം പൊലീസിന് കൈമാറുകയായിരുന്നു. ഒരു വർഷം മുമ്പ് തുടങ്ങിയ വിചാരണയിൽ 44 സാക്ഷികളെ വിസ്തരിച്ചിരുന്നു.

പെൺകുട്ടിക്കുവേണ്ടി സർക്കാർ പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. യമുന ഹാജരായി. പാലാരിവട്ടം സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർമാരായ എസ്. സനൽ, ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണവും കുറ്റപത്രം സമർപ്പിക്കലും.