പണിതീരാത്ത റോഡ് : സങ്കട ഹർജിയുമായി വ്യാപാരികൾ
പാലക്കൽ : രണ്ടുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2022 ഫെബ്രുവരിയിൽ ആരംഭിച്ച കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള സംസ്ഥാനപാതയുടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കൽ യൂണിറ്റ് ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.
കളക്ടർക്ക് നൽകാനാണ് ഒപ്പുശേഖരണം ആരംഭിച്ചത്. ദേശീയപാതകൾ കോൺക്രീറ്റിലേക്ക് മാറുമ്പോൾ കൂർക്കഞ്ചേരി കണിമംഗലം റോഡ് കരാർ വ്യവസ്ഥകളിൽ നിന്നും വ്യതിചലിച്ച് അശാസ്ത്രീയ നിർമ്മാണങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. റോഡിൽ സംഭവിക്കുന്ന അപകടങ്ങൾ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടുണ്ട്. പണി പൂർത്തിയാക്കാതെ മാസങ്ങളോളം പൊളിച്ചിട്ട് , റോഡരികിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ മറ്റ് തൊഴിൽ മേഖലകൾ തേടിപ്പോകേണ്ടി വന്നു.
നഗര അതിർത്തിയോട് ചേർന്ന കണിമംഗലം മുതൽ പാലക്കൽ വരെയുള്ള 500 മീറ്റർ ഭാഗം ഏതുതരം നിർമ്മാണ പ്രവർത്തനമാണ് നടത്തേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് കരാർ കമ്പനി. വരാൻ പോകുന്ന കാലവർഷത്തിന് മുൻപേ പണികൾ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഈ പ്രദേശത്തുള്ള വ്യാപാരികൾക്കും കുടുംബങ്ങൾക്കും യാത്രക്കാർക്കും മഴ ദുരിതങ്ങളുടെ കാലഘട്ടമാകും നേരിടേണ്ടി വരിക.
ഇക്കാര്യങ്ങൾ മുൻനിർത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാത്ത ഭാഗങ്ങളിൽ പണി പൂർത്തിയാക്കണമെന്ന് പാലക്കലിലെ വ്യാപാരികൾ ആവശ്യപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കൽ യൂണിറ്റ് പ്രസിഡന്റ് സുനിൽ സൂര്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ഭാഗ്യനാഥൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ജോജി ജേക്കബ്, ബറ്റ്‌സ് എലുവത്തിങ്കൽ ടീസൻ എന്നിവർ സംസാരിച്ചു.