കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന പടക്കം പൊട്ടിത്തെറിച്ചു

Thursday 09 April 2026 2:46 AM IST

കടയ്ക്കൽ: പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടിരുന്ന പടക്കം പൊട്ടിത്തെറിച്ചു, ആളപായമില്ല. ഇന്നലെ രാവിലെ 11 ഓടെ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലായിരുന്നു നാടിനെ മുൾമുനയിലാക്കിയ സംഭവം. സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പടക്കമാണെന്ന് തിരിച്ചറിഞ്ഞത്.

പൊലീസ് സ്റ്റേഷനും പൊലീസ് ക്വാട്ടേഴ്സും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. 2016ൽ അനധികൃത കച്ചവടക്കാരിൽ നിന്ന് പിടിച്ചെടുത്തവയാണിത്. ആദ്യം പഴയ പൊലീസ് ക്വാട്ടേഴ്സിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പിന്നീട് ആ കെട്ടിടം പൊളിക്കേണ്ടി വന്നതോടെ പൊലീസ് സ്റ്റേഷനും ക്വട്ടേഴ്സിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. നിർവീര്യമാക്കാത്തതിനാൽ വെയിലിന്റെ കാഠിന്യത്തിൽ പടക്കങ്ങൾ പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ ഇത്തരത്തിൽ പടക്കങ്ങൾ പിടികൂടിയാൽ പാറക്വാറികളിൽ എത്തിച്ച് വിദഗ്ദ്ധരുടെ സഹായത്തോടെ നിർവീര്യമാക്കുകയാണ് പതിവ്. എന്നാൽ ഇവിടെ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരാനുണ്ട്. ആരുടെ നിർദ്ദേശ പ്രകാരമാണ് പടക്കം കുഴിച്ചുമൂടിയതെന്നതടക്കം അന്വേഷണം നടത്തും.

സംഭവത്തിൽ ദുരൂഹത ഇല്ലെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്.പി ടി.കെ.വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു. സി.ഐ വി.ആർ.ശിവകുമാർ, എസ്.ഐ ടി.ഷിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. കടയ്ക്കൽ ഫയർസ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി തുടർ സ്ഫോടനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കി.

ക്വാട്ടേഴ്സിലെ ജനാല ഗ്ലാസുകൾ തകർന്നു

സ്ഫോടനശബ്ദം ഏകദേശം അര കിലോമീറ്ററോളം കേട്ടതായി നാട്ടുകാർ പറയുന്നു. പൊട്ടിത്തെറിയുടെ ശക്തിയിൽ പൊലീസ് ക്വാർട്ടേഴ്സിലെ ജനാലകളുടെ ഗ്ലാസ് തകർന്നു. ഒരു പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ആളപായമില്ലെങ്കിലും എവിടെയാണ് അപകടം സംഭവിച്ചതെന്നോ എന്താണ് പൊട്ടിത്തെറിച്ചതെന്നോ ആദ്യ നിമിഷങ്ങളിൽ അറിയാൻ കഴിയാതിരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.