വള്ളത്തോൾ നഗർ സ്റ്റേഷനിൽ വഴിമുടക്കി ട്രെയിൻ !
ചെറുതുരുത്തി : നോക്കെടാ, നമ്മുടെ മാർഗേ കിടക്കുന്ന.... വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്ന കലാമണ്ഡലം വിദ്യാർത്ഥികളും പി.എൻ.എൻ.എം മെഡിക്കൽ കോളേജിലെ ജീവനക്കാരുമെല്ലാം കുഞ്ചൻ നമ്പ്യാരുടെ ഈരടി സ്മരിക്കുന്നുണ്ടാകും.
ഒരാഴ്ചയോളമായി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇട്ടിരിക്കുന്ന നാൽപ്പതോളം ബോഗികളുള്ള ഗുഡ്സ് ട്രെയിനാണ് യാത്രികരെ കുഴയ്ക്കുന്നത്.
പ്ലാറ്റ്‌ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കാൻ മേൽപ്പാലം ഇല്ലാത്ത റെയിൽവേ സ്റ്റേഷനാണ് വള്ളത്തോൾ നഗർ. നിറുത്തിയിട്ട ട്രെയിനിന്റെ ദൂരം, ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം നടന്നുവേണം പ്ളാറ്റ്ഫോം ക്രോസ് ചെയ്ത് മെയിൻ റോഡിലേക്കെത്താൻ.
കലാമണ്ഡലം, കേന്ദ്രീയ ആയുർവേദ റിസർച്ച് സെന്റർ, പി.എൻ.എൻ.എം മെഡിക്കൽ കോളേജ്, ജ്യോതി എൻജിനീയറിംഗ് കോളേജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കെത്താൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ പ്ളാറ്റ്ഫോം മുറിച്ചുകടക്കണം. ഷൊർണൂർ - എറണാകുളം റൂട്ടിലെ ഒമ്പതോളം ട്രെയിനുകൾ മറ്റ് മൂന്ന് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് മൂലം ഇവിടങ്ങളിൽ ഇറങ്ങുന്ന യാത്രക്കാർക്ക് മെയിൻ റോഡിലേക്കെത്താനും ഈ പ്ലാറ്റ്‌ഫോം മുറിച്ചു കടക്കണം. പലപ്പോഴും എളുപ്പവഴിയെന്ന നിലയിൽ നിറുത്തിയിട്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിന്റെ അടിയിലൂടെ നൂഴ്ന്ന് കടക്കേണ്ട അവസ്ഥയാണ്. ഇത് അപകടം വിളിച്ചുവരുത്തുന്നുമുണ്ട്.
മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ ഗുഡ്‌സ് ട്രെയിനുകൾ നിറുത്തിയിടുന്നതിന് അസൗകര്യം ഉള്ളതിനാലും നീളം കൂടിയ റെയിൽവേ ട്രാക്ക് ഉള്ളതിനാലുമാണ് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിൽ ഗുഡ്‌സ് ട്രെയിൻ നിറുത്തിയിടുന്നത്.
പരാതികൾ 50 എണ്ണം
വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന പരാതി പുസ്തകത്തിൽ ഇതിനോടകം ഇതുമായി ബന്ധപ്പെട്ട് 50 ഓളം പരാതികളാണ് ലഭിച്ചത്. നിറുത്തിയിട്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിലെ 50 ഓളം സാധനങ്ങളുള്ള പത്ത് ബോഗികൾ കൊച്ചിയിലേക്കും മറ്റും കഴിഞ്ഞദിവസം കൊണ്ടുപോയിരുന്നു.
വഴിമുടക്കി ട്രെയിൻ
ട്രെയിൻ കിടക്കുന്നത് കലാമണ്ഡലം മുതൽ സ്റ്റേഷൻ വരെ നീണ്ട്
ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൽ
ട്രാക്കിൽ കിടക്കാൻ തുടങ്ങിയിട്ട് 7 ദിവസം
മൊത്തം ബോഗികൾ 50 ഓളം
മറ്റിടങ്ങളിലേക്ക് കൊണ്ടുപോയ ബോഗികൾ 10ഓളം
എത്രയും പെട്ടെന്ന് ഗുഡ്‌സ് ട്രെയിൻ ഇവിടെ നിന്നും നീക്കണം. ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കണം.
യാത്രക്കാർ