ഇന്ന് വിധിയെഴുത്ത്: മുന്നണികൾക്ക് നെഞ്ചിടിപ്പ്
തൃശൂർ: ജില്ല വോട്ടെടുപ്പിന് സജ്ജം. ഇന്ന് രാവിലെ എഴു മുതൽ വോട്ടെടുപ്പ് ആരംഭിക്കും. ജില്ലയിലെ ഒൻപത് വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ഉച്ചയോടെ ഇലക്ഷൻ സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു. 13 മണ്ഡലങ്ങളിൽ 1,321 കേന്ദ്രങ്ങളിലായി 2,839 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 13,628 പോളിംഗ് ഉദ്യോഗസ്ഥരെയാണ് റിസർവ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടപടികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഉച്ചയോടെ തന്നെ വാഹനങ്ങളിൽ പോളിംഗ് ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും പോളിംഗ് സ്‌റ്റേഷനുകളിൽ എത്തി ബൂത്തുകൾ സജ്ജീകരിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ പ്രവാസികളായ ഭൂരിഭാഗം പേർക്കും വോട്ട് ചെയ്യാൻ എത്താൻ സാധിച്ചിട്ടില്ല. കർശന സുരക്ഷ സംവിധാനങ്ങളോടെയാണ് പോളിംഗ് നടക്കുക. 7500ഓളം പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. എല്ലാ പോളിംഗ് ബൂത്തുകളിലും വെബ് ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.
ഇന്ന് നിരോധനാജ്ഞ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് വരെ നിലവിലുണ്ടാകും. നിയമവിരുദ്ധമായ സംഘം ചേരലുകൾക്കോ പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയില്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകൾ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
പോളിംഗ് സമയം
രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് സമയം. രാവിലെ 5.30ന് മോക്‌പോൾ ആരംഭിക്കും. വൈകിട്ട് ആറിനുള്ളിൽ പോളിംഗ് സ്‌റ്റേഷനുള്ളിൽ കടക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.
13 നിയോജക മണ്ഡലങ്ങൾ
1,321 കേന്ദ്രങ്ങൾ
2,839 പോളിംഗ് സ്റ്റേഷനുകൾ
13,628 പോളിംഗ് ഉദ്യോഗസ്ഥർ