ദുരൂഹ സാഹചര്യത്തിൽ വൃദ്ധ വീട്ടിൽ മരിച്ചനിലയിൽ
കൊലപാതകമെന്ന് സംശയം
വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ വീട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുമണ്ണടി കല്ലിയോട് ഭുവന വദിഹാറിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ശാരദാമ്മയാണ് (72)മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമഗനം. വൃദ്ധ പീഡനത്തിനിരയായിട്ടുണ്ടോ എന്നും അന്വേഷിക്കും.
ഇന്നലെ രാവിലെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികൾ ശാരദാമ്മയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ ജോലി ആരംഭിച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും വിളിച്ചെങ്കിലും അനക്കമില്ലാത്തതിനെ തുടർന്ന് നോക്കിയപ്പോൾ കതക് തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ തൊഴിലാളികൾ അകത്തുകയറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ ശാരദാമ്മയെ കണ്ടെത്തിയത്. വസ്ത്രങ്ങൾ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. തൊഴിലാളികൾ അയൽവാസികളേയും, അവർ വലിയകട്ടയ്ക്കാലിൽ താമസിക്കുന്ന ശാരദാമ്മയുടെ മകനെയും വിവരമറിയിച്ചു. മകൻ വിളിച്ചുപറഞ്ഞതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ,വെഞ്ഞാറമൂട് എസ്.എച്ച്.ഒ പ്രതീഷ്,എസ്.ഐ.മാരായ മോനിഷ്,അംബരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. മുറിയിൽ നിന്ന് വീട്ടുകാരുടേതല്ലാത്ത ഒരു ജോഡി ചെരുപ്പം മൊബൈൽ ഫോണും പരിശോധനയിൽ കണ്ടെടുത്തു. പിന്നാലെ ഫോണിന്റെ ഉടമയെയും മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഭുവന,ഗോപകുമാർ,പരേതനായ കൃഷ്ണപ്രസാദ്, മരുമക്കൾ:ജയകുമാർ,കരിഷ്മ.
ഫോട്ടോ: മരിച്ച ശാരദാമ്മ
ഫോട്ടോ: ശാരദാമ്മയുടെ വീട്ടിൽ
പൊലീസ് എത്തിയപ്പോൾ