മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിച്ച അയൽവാസി പിടിയിൽ

Thursday 09 April 2026 2:17 AM IST

ആലുവ: നൊച്ചിമയിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ അയൽവാസി അറസ്റ്റിലായി. എടത്തല കോമ്പാറ ഇസ്മയിൽ മുക്ക് മടപ്പാട്ട് വീട്ടിൽ നാസർ അസൈനാർ (42) ആണ് എടത്തല പൊലീസിന്റെ പിടിയിലായത്.

കോമ്പാറ ഇസ്മയിൽമുക്ക് മോളത്തുവീട്ടിൽ ഹരിഹരന്റെ ഭാര്യ ടി.കെ. സുമതിയെ (70)യാണ് ചൊവ്വാഴ്ച്ച വൈകിട്ട് പ്രതി ആക്രമിച്ച് കവർച്ചക്കിരയാക്കിയായത്. രണ്ടര പവന്റെ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോൾ ഒരു ഭാഗം താഴെ വീണു. അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവിന് ലഭിച്ചു. മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. മകളും മൂന്ന് ചെറുമക്കളുമടങ്ങുന്നതാണ് സുമതിയുടെ കുടുംബം. സംഭവം നടക്കുമ്പോൾ മറ്റുള്ളവർ ജോലിക്ക് പോയിരിക്കുകയായിരുന്നു.

സംഭവത്തിനു മുമ്പ് നാസർ വീട്ടിൽവന്ന് മകളും ചെറുമക്കളുമെല്ലാം എവിടെപ്പോയെന്ന് തിരക്കിയതായി സുമതി മൊഴി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുറന്നുകിടന്ന അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. അടുക്കളയിൽ നിന്ന് മുളകുപൊടി എടുത്ത് സോഫാസെറ്റിയിൽ ഉറങ്ങുകയായിരുന്ന വയോധികയുടെ കണ്ണിൽ വിതറി. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.