പോക്സോ കേസിൽ 21കാരന് ആറുവർഷം കഠിന തടവ്
Thursday 09 April 2026 2:47 AM IST
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിൽ 21 വയസുകാരന് ആറുവർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു.
ചാവക്കാട് തിരുവത്ര ഏസി പടി മേപ്പുറത്ത് വീട്ടിൽ നിസാമുദ്ദീനെ(21)യാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ജൂണിൽ പല ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടയ്ക്കാത്ത പക്ഷം നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം.
ചാവക്കാട് സ്റ്റേഷനിലെ എസ്.സി.പി.ഒ അനിതകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിപിൻ ബി.നായർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി. എസ്.ഐ സെസിൽ ക്രിസ്ത്യൻരാജ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.