വാഹനമിടിച്ച് 14 മാസമായി കോമയിൽ: യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

Thursday 09 April 2026 7:08 AM IST

 അവയവങ്ങൾ ദാനം ചെയ്തു

മുംബയ്: യു.എസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് 14 മാസം കോമയിൽ കഴിഞ്ഞ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. മഹാരാഷ്ട്ര സത്താറ സ്വദേശി നീലം ഷിൻഡേയാണ് (35) കാലിഫോർണിയയിലെ ആശുപത്രിയിൽ മരിച്ചത്. മാർച്ച് 28നാണ് മരണം സംഭവിച്ചതെന്നും ചൊവ്വാഴ്ച സംസ്‌കാരം നടന്നെന്നും ബന്ധുക്കൾ അറിയിച്ചു.

കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു നീലം. കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. നടക്കാനിറങ്ങിയ നീലത്തെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നീലം കോമാവസ്ഥയിലായി. നീലത്തെ കാണാൻ പിതാവിന് വിസ ലഭിക്കാൻ താമസമുണ്ടായത് നേരത്തെ വാർത്തയായിരുന്നു. തുടർന്ന് സുപ്രിയ സുലേ എം.പി ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെ പിതാവിനും ബന്ധുവിനും വിസ ശരിയായി.

രണ്ടുമാസത്തെ വിസാ കാലാവധി കഴിഞ്ഞതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങി. തുടർന്ന് യു.എസിലെ ബന്ധുക്കളിലൊരാളാണ് നീലത്തിനൊപ്പമുണ്ടായിരുന്നത്.

അതേസമയം, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നീലത്തിന്റെ അവയവങ്ങൾ ദാനംചെയ്യാൻ പിതാവ് സമ്മതം നൽകി. ചർമ്മവും കോർണിയയും ദാനം ചെയ്യും. പൂനെയിൽ നിന്ന് ബി.ടെക്ക് പഠിച്ചിറങ്ങിയ നീലം നാസയിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരുന്നു.