മലയോരത്ത് റെക്കാഡ് പോളിംഗ്,​ കന്നി വോട്ടർമാരും സ്ത്രീകളും കൂട്ടമായെത്തി

Friday 10 April 2026 1:09 AM IST

നെടുമങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പിൽ മലയോര നിയോജക മണ്ഡലങ്ങളിൽ റെക്കാഡ് പോളിംഗ്.നെടുമങ്ങാട് -75.87%, അരുവിക്കര -76.4%,വാമനപുരം -75.23% എന്നിങ്ങനെയാണ് പോളിംഗ് നടന്നത്. 700 ബൂത്തുകളിൽ ഭൂരിഭാഗത്തിലും 75 ശതമാനത്തിനു മുകളിലാണ് പോളിംഗ്.നാമമാത്രമായ ബൂത്തുകളിൽ മാത്രം 70 ശതമാനത്തിൽ ഒതുങ്ങി.നെടുമങ്ങാട് നഗരസഭ മേഖലയിൽ 80% പോളിംഗ് നടന്ന ബൂത്തുകളേറെയുണ്ട്.വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തുടക്കത്തിൽ അനുഭവപ്പെട്ട തിരക്ക് ഒടുവിലത്തെ മണിക്കൂറിലും തുടർന്നു. പൊരിവെയിലും അപ്രതീക്ഷിതമായി വൈകിട്ട് കോരിച്ചൊരിഞ്ഞ വേനൽമഴയും അവഗണിച്ച് സ്ത്രീകളും കന്നിവോട്ടർമാരും പോളിംഗ് ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി.വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.രാവിലെ 5.30 ന് മോക്ക്പോൾ ആരംഭിച്ചു.ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് 15 ശതമാനത്തിലേക്ക് കടന്നു.വൈകിട്ട് അഞ്ചോടെ മൂന്ന് മണ്ഡലങ്ങളിലും 72% പിന്നിട്ടു.2,98589 വനിതകളും 2,68589 പുരുഷന്മാരും ഉൾപ്പെടെ 5,67178 വോട്ടർമാരാണ് മലയോര നിയോജക മണ്ഡലങ്ങളിൽ സമ്മതിദാനാവകാശം നിറവേറ്റിയത്.നെടുമങ്ങാടും അരുവിക്കരയും സ്ത്രീകളാണ് വോട്ട് ചെയ്തതിൽ മുന്നിൽ. 80 വയസിന് മുകളിലുള്ളവരുടെ വോട്ട് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി രേഖപ്പെടുത്തിയതിനാൽ മുതിർന്ന പൗരന്മാരെ ചുമന്നും വാഹനങ്ങളിൽ കൊണ്ടുവന്നും വോട്ട് ചെയ്യിക്കുന്ന പതിവ് കാഴ്ച ഇക്കുറിയുണ്ടായില്ല.പതിവ് മെഷീൻ തകരാർ പരാതികളും നന്നേ കുറവായിരുന്നു. പ്രശ്നബാധിത ബൂത്തുകളായ കാട്ടായിക്കോണം ഗവ.യു.പി.എസ്,അരുവിക്കര ജി.എച്ച്.എസ്.എസ്, നെടുമങ്ങാട് ഗവ.എൽ.പി.എസ്,കന്യാകുളങ്ങര ഗവ.എച്ച്.എസ്,അഴിക്കോട് ഗവ.യു.പി.എസ്, പാലോട് ഗവ.എൽ.പി.എസ് എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകളും ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്,എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികൾ ഒട്ടുമിക്ക പോളിംഗ് സ്റ്റേഷനുകളും സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്ത് സ്ഥാനാർത്ഥികൾ

നെടുമങ്ങാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിൽ നീറമൺകര എൻ.എസ്.എസ് കോളേജിലെ ബൂത്ത് നമ്പർ 129-ൽ വോട്ട് രേഖപ്പെടുത്തി. മകൾ അഡ്വ.ദേവിക ഒപ്പമുണ്ടായിരുന്നു.യു.ഡി.എഫ് സ്ഥാനാർത്ഥി മീനാങ്കൽ കുമാർ കുടുംബസമേതം മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിലെ 81-ാമത് ബൂത്തിൽ വോട്ട് ചെയ്തു.ബി.ജെ.പി സ്ഥാനാർത്ഥി യുവരാജ് ഗോകുൽ നേമം പാപ്പനംകോട് ഹൈസ്‌കൂളിലെ ബൂത്ത് 149-ൽ വോട്ട് രേഖപ്പെടുത്തി. അരുവിക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ ശാസ്തമംഗലം എൻ.എസ്.എസ് സ്‌കൂളിലെ പോളിംഗ് ബൂത്തിൽ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി.എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫൻ കുളത്തുമ്മൽ സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്തു.വാമനപുരം എൽ.ഡി.എഫ് സ്ഥാനാർതഥി ഡി.കെ.മുരളി വെഞ്ഞാറമൂട് ആലന്തറ സ്‌കൂളിലെ ബൂത്തിൽ ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തി.യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷാ പാലോട് കരിമൺകോട് 113-ആം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്‍തത്.