ശമ്പളം ചെലവാക്കുന്നതില്‍ കൃത്യമായ പ്ലാനിംഗ് വേണം; ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ

Thursday 09 April 2026 11:20 PM IST

സ്ഥിരമായി ഒരു ജോലിയും കൃത്യമായി എല്ലാ മാസവും കിട്ടുന്ന ശമ്പളവും ഉണ്ട്, പക്ഷേ എല്ലാ മാസവും കടം വാങ്ങേണ്ട അവസ്ഥ. നമ്മളില്‍ പലരും നേരിടുന്ന ഒരു അവസ്ഥയാണിത്. വരവും ചെലവും തമ്മിലുള്ള ബാലന്‍സിംഗ് കൃത്യമല്ലാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചാല്‍ സാമ്പത്തികമായി മെച്ചപ്പെടാനും പണത്തിന്റെ വരവ് വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

പണം ചെലവാക്കുന്നതില്‍ കൃത്യമായ പ്ലാനിംഗ് വേണം എന്നതാണ് ഇതില്‍ ഒന്നാമത്തേത്. ചെലവും വരവും ബാലന്‍സ് ചെയ്താല്‍ ജീവിതത്തിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശരിയായ നികുതി സമ്പ്രദായം പിന്തുടരുന്നതും വളരെ നിര്‍ണായകമാണ്. ഡിഡക്ഷന്‍ ആന്റ് എക്‌സെമ്പ്ഷന്‍ താരതമ്യം ചെയ്ത ശേഷം മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഒരു മാസത്തെ ബഡ്ജറ്റ് തയ്യാറാക്കുകയെന്നതാണ് മറ്റൊരു കാര്യം.

വരുമാനത്തെ മൂന്നായി തിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആവശ്യങ്ങള്‍, സേവിംഗ്‌സ്, ലൈഫ്‌സ്റ്റൈല്‍ എന്നിങ്ങനെയാണ് ഇത് വേര്‍തിരിക്കേണ്ടത്. ഇതില്‍ ആദ്യത്തെ രണ്ട് കാര്യങ്ങള്‍ നിറവേറ്റിയതിന് ശേഷം മാത്രം മൂന്നാമത്തേതിനായി പണം ചെലവാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഈ രീതി പിന്തുടരുന്നതിലൂടെ ചെലവ് നിയന്ത്രിക്കാന്‍ കഴിയും. മാര്‍ച്ച് മാസത്തിലേക്ക് കാത്തിരിക്കാതെ ടാക്‌സ് സേവിംഗ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ നേരത്തെ ആരംഭിക്കുക. എസ്‌ഐപി പോലുള്ള നിക്ഷേപങ്ങള്‍ നേരത്തെ തുടങ്ങുന്നതിലൂടെ അവസാന നിമിഷം വരുന്ന പിഴവുകള്‍ ഒഴിവാക്കാന്‍ കഴിയും.

സാലറി സ്ലിപ്പ് കൃത്യമായി പരിശോധിക്കുകയും ഇന്‍വെസ്റ്റ്‌മെന്റ് പ്രൂഫ് സമയബന്ധിതമായി നല്‍കുകയും ചെയ്യുന്നതിലൂടെ ടാക്‌സ് ഷോക്ക് ഒഴിവാക്കാന്‍ കഴിയും. സ്വയം ഓഡിറ്റിംഗിന് വിധേയമാകുകയെന്നത് പരമപ്രധാനമാണ്. മൂന്ന് മാസം കൂടുമ്പോള്‍ സാമ്പത്തിക സ്ഥിതി പരിശോധിക്കുക. ഇഎംഐ, ലോണ്‍ എന്നിവ കൃത്യമായി പരിശോധിക്കണം. ഇതിലൂടെ ചെലവ് ക്രമീകരിക്കാന്‍ കഴിയും. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ പണലഭ്യതയെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.