അമല സ്കൂളിൽ മുഖ്യമന്ത്രി കുടുംബസമേതം; സ്പീക്കർ പാറാൽ എൽ.പി സ്‌കൂളിൽ

Friday 10 April 2026 12:39 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർ.സി അമല ബേസിക് സ്‌കൂളിൽ ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ കുടുംബസമേതം വോട്ട് ചെയ്തു. 194ാം ബൂത്തിൽ 241 ക്രമനമ്പറായാണ് വോട്ട്.

ഭാര്യ കമല,​ മകൾ വീണ,​ മകൻ വിവേക്,​ മരുമകൾ ദീപ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഇതെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ബൂത്തിന് പുറത്ത് മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ.രാഗേഷും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

മന്ത്രി എ.കെ.ശശീന്ദ്രൻ ചൊവ്വ ധർമ്മസമാജം യു.പി സ്‌കൂളിലും കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി പയ്യന്നൂർ മണ്ഡലത്തിലെ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ.എൽ.പി സ്‌കൂളിലും വോട്ട് ചെയ്തു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പാറാൽ എൽ.പി സ്‌കൂളിലാണ് വോട്ട് ചെയ്തത്.

സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ മോറാഴ സെൻട്രൽ യു.പി. എസിലെ 124ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

കഥാകൃത്ത് ടി.പത്മനാഭൻ കണ്ണൂർ രാമതെരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വോട്ട് ചെയ്തു. കെ.പി.സി.സി പ്രസിഡന്റും പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ.സണ്ണി ജോസഫ് കടത്തുംകടവ് സെന്റ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട് ചെയ്തത്. പേരാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ മട്ടന്നൂർ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.