103ലും വോട്ട് ചെയ്യാൻ ഓടിയെത്തി നാരായണപിള്ള
Friday 10 April 2026 1:55 AM IST
മാന്നാർ : ബുധനൂർ പെരിങ്ങാട് താമരശ്ശേരിൽ നാരായണപിള്ള പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 132-ാം നമ്പർ ബൂത്തിൽ രാവിലെ 10 മണിയോടെ ഇളയ മകൻ റിട്ട. സബ് ഇൻസ്പെക്ടർ ശ്രീകുമാർ, മരുമകൾ ബിന്ദു എന്നിവർക്കൊപ്പമാണ് നാരായണ പിള്ള വോട്ട് രേഖപ്പെടുത്താനെത്തിയത്. നൂറ് പിന്നിട്ടിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇദ്ദേഹത്തെ അലട്ടുന്നില്ല. ചെറുപ്പത്തിൽ മുണ്ടക്കയത്തെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന നാരായണപിള്ള, പിന്നീട് നാട്ടിലെത്തി കൃഷിയിലും മറ്റും സജീവമായിരുന്നു. ഇന്നും വീട്ടിലെ ജോലികളിൽ സഹായിക്കാറുള്ള നാരായണപിള്ളയുടെ ആരോഗ്യരഹസ്യം ഈ കഠിനാധ്വാനം തന്നെയാണെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. പരേതയായ പൊന്നമ്മയാണ് ഭാര്യ.