അമ്പലപ്പുഴയിൽ സുധാകരൻ ഫാക്ടർ?

Friday 10 April 2026 12:00 AM IST

ആലപ്പുഴ: എല്ലാ ബൂത്തുകളിലും ഇടതടവില്ലാത്ത വോട്ടർമാരുടെ നിര. കനത്ത വെയിലിനെ പോലും അവഗണിച്ച് ബൂത്തിലെത്താൻ ഉത്സാഹിച്ച് സ്ത്രീ വോട്ടർമാർ‌. ആദ്യ വോട്ട് ആഘോഷമാക്കാൻ കന്നിവോട്ടർമാർ.... നിർണായക രാഷ്ട്രീയ പോരാട്ടം നടക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ സമ്മതിദാന ദിനം വോട്ടർമാർക്ക് ആഘോഷദിനം പോലെയായിരുന്നു. മിക്ക വോട്ടർമാരും കുടുംബസമേതം വോട്ട് രേഖപ്പെടുത്താനെത്തി. മണ്ഡലത്തിലെ വോട്ടിംഗ് ശതമാനത്തിലെ കനത്ത വർദ്ധനവിന് പിന്നിൽ ജി.സുധാകരൻ ഫാക്ടർ പ്രതിഫലിച്ചിട്ടുണ്ടോ എന്നാണ് അറിയാനുള്ളത്. മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ വൈകിട്ട് 6ന് ശേഷവും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ആലപ്പുഴ നഗരത്തിലെ പഴയ നഗരസഭാ മന്ദിരത്തിലും, കാക്കാഴം എസ്.എൻ.ജി.എച്ച്.എസിലെ 141ാം നമ്പർ ബൂത്തിലുമാണ് സ്ത്രീകളടക്കം അൻപതിലധികം വോട്ടർമാർ കാത്തുനിന്നത്.

ഇന്നലെ രാവിലെ 7ന് കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം ജി.സുധാകരൻ മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ചു.

ആലപ്പുഴ നഗരത്തിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജി.സുധാകരനും എച്ച്.സലാമും മുഖാമുഖമെത്തി. എന്നാൽ ഇരുവരും പരസ്പരം സംസാരിച്ചില്ല. എച്ച്.സലാം 'സാറേ...' എന്ന് വിളിച്ചെങ്കിലും പ്രതികരിക്കാൻ ജി.സുധാകരൻ തയാറായില്ല. അദ്ദേഹം വോട്ടർമാരെ കണ്ട് മുന്നോട്ട് നീങ്ങി.