പോളിംഗ് ബൂത്തിലെ താരം 'നില'

Friday 10 April 2026 12:16 AM IST

പുതുച്ചേരി: പുതുച്ചേരിയിൽ പോളിംഗ് ബൂത്തിലെ താരമായി നില. വോട്ടർമാരെ സ്വീകരിക്കാനും സഹായിക്കാനുമായി വിന്യസിച്ച ഹ്യൂമനോയിഡ് റോബോട്ടാണ് 'നില". പുതുച്ചേരി വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ പോളിംഗ് ബൂത്തിൽ എത്തുന്നവർക്കാണ് നിലയുടെ സ്പെഷ്യൽ സ്വീകരണം ലഭിച്ചത്. സാരി ധരിച്ച്,​ താലത്തിൽ നിറയെ പൂക്കളുമായാണ് നില വോട്ടർമാരെ തൊഴുകൈകളോടെ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ ബൂത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടു.

കോയമ്പത്തൂരിലെ റോബോ മിറർ എന്ന സ്ഥാപനമാണ് നിലയെ വികസിപ്പിച്ചെടുത്തത്. വിവാഹങ്ങൾ, ഔദ്യോഗിക പരിപാടികൾ, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയിൽ ആളുകളുമായി ഇടപഴകുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ റോബോട്ട്.

തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ സംസാരിക്കാനുള്ള കഴിവുണ്ട്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സംസാരിക്കാനും വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും നിലയ്ക്ക് സാധിക്കുമെന്ന് റോബോ മിറർ പ്രതിനിധി കൗശിക് പറയുന്നു.