എസ്.ഐ.ആർ, ബംഗാളിൽ വോട്ടർമാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം

Friday 10 April 2026 12:29 AM IST

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തീവ്ര വോട്ടർ പരിഷ്‌കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർമാരുടെ 12 ശതമാനം വരുന്ന 90 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സുതാര്യമായ നടപടികളിലൂടെ അല്ലെന്ന് സി.പി.എം. യോഗ്യരായവരെ കണ്ടെത്താൻ സ്വീകരിച്ച നടപടികൾ യുക്തിഭദ്രമല്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ആരോപിച്ചു.

വോട്ടർ പട്ടിക പുതുക്കുന്ന സുതാര്യമായ പതിവ് പരിശോധനയ്ക്ക് പകരം "അൽഗോരിതം അടക്കം ഏകപക്ഷീയമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് എസ്‌.ഐ‌.ആർ വോട്ടവകാശം നിഷേധിക്കുന്നുവെന്ന വാദം നേരത്തെ പാർട്ടി ചൂണ്ടിക്കാട്ടിയതാണ്. പൊതുജനങ്ങൾക്ക് സൂക്ഷ്മപരിശോധന സാദ്ധ്യമല്ലാത്ത വിധമാണ് പട്ടികകൾ പുറത്തിറക്കിയത്. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ,പ്രത്യേകിച്ച് മുസ്ലിങ്ങൾ,സ്ത്രീകൾ,സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ എന്നിവരെയാണ് എസ്.ഐ.ആർ ബാധിച്ചത്.

ഈ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ ലംഘനമാണ്. വോട്ടവകാശം അവിഭാജ്യമായ ജനാധിപത്യ അവകാശമാണെന്ന് സി.പി.എം പറഞ്ഞു.