പൂട്ടിക്കിടന്ന വീട്ടിൽ 11 ലക്ഷത്തിന്റെ കവർച്ച

Friday 10 April 2026 1:08 AM IST

കൊച്ചി: പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് 5 ലക്ഷം രൂപ വിലയുള്ള പൗരാണിക വിഗ്രഹങ്ങളും 6 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് വയറുകളും ഉൾപ്പെടെ 11 ലക്ഷത്തിന്റെ സാധനങ്ങൾ കവ‌ർന്നു.

ചേരാനല്ലൂർ ഇടയക്കുന്നം കപ്പേള ജംഗ്ഷൻ മുസ്ലിംപള്ളിക്ക് സമീപം 'രാഗം" വീട്ടിലാണ് കവർച്ച നടന്നത്. ചെങ്ങന്നൂർ മുണ്ടൻകാവിൽ താമസിക്കുന്ന വീട്ടുടമ ഡോ. ഉണ്ണിക്കൃഷ്ണൻ നായർ കഴിഞ്ഞദിവസം രാവിലെ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. പൂജാമുറിയിൽ തലമുറകളായി ആരാധിക്കുന്ന ഓടിന്റെ വലിയ കൃഷ്ണ വിഗ്രഹങ്ങളും വിലപിടിപ്പുള്ള ആറ് ഓട്ട് വിളക്കുകളും ആട്ടുതൊട്ടിലിന്റെ ഓടുകൊണ്ട് തീർത്ത് 4 ചങ്ങലകളും മോഷണം പോയി.

ഇലക്ട്രിക്ക് വയറുകളും ചെമ്പ് സാധനങ്ങളുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഹോം തിയേറ്റർ ഉൾപ്പെടെ വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ കവർന്നിട്ടില്ല. വീടിന്റെ

മെയിൻ സ്വിച്ച് ഓഫാക്കിയാണ് അകത്ത് കടന്നത്. മുറികളിലെ സ്വിച്ച് ബോർഡുകൾ ഇളക്കിയ ശേഷം വയറുകൾ പൂർണമായി ഊരിയെടുത്തു, ഇൻവെട്ടറുകൾ, അടുക്കളയിലെ സിങ്കുകൾ, ലൈറ്റുകൾ എന്നിവയ്ക്ക് കേടുപാട് വരുത്തി.

കുവൈറ്റിൽ ഡോക്ടറായിരുന്ന ഉണ്ണിക്കൃഷ്ണന്റെ മകൻ റാഞ്ചിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം അവധിക്ക് വരുമ്പോൾ മാത്രമാണ് ഇവിടെ താമസം.

കഴിഞ്ഞ 4ന് ഉണ്ണിക്കൃഷ്ണൻ വീട്ടിലെത്തി മടങ്ങിയിരുന്നു. ഇതിനു ശേഷമുള്ള ഏതെങ്കിലും ദിവസമാണ് മോഷണം നടന്നതെന്ന് കരുതുന്നു. ചേരാനല്ലൂർ പൊലീസ് കേസെടുത്തു.