ചൂടിൽ വാടാതെ പോളിംഗ്

Friday 10 April 2026 7:38 AM IST

കോട്ടയം: കനത്ത ചൂടും ഉഷ്ണവും. പോളിംഗ് സ്റ്റേഷനുകളിൽ പലപ്പോഴും നീണ്ട ക്യൂ. രാവിലെ മുതൽ പോളിംഗിൽ ദൃശ്യമായത് ഒരേ ട്രെൻഡ്. രാവിലെ 7ന് ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടിംഗ് മെഷീൻ പണിമുടക്കിയത് പ്രശ്നമായി. ചങ്ങനാശേരി വാഴപ്പള്ളിയിൽ യു.ഡി.എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. വൈക്കത്തും കാഞ്ഞിരപ്പള്ളിയിലും തർക്കങ്ങളുണ്ടായി.

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 9മണിയോടെ പോളിംഗ് ശതമാനം12.66 ആയി. ഈ സമയം കോട്ടയത്തായിരുന്നു പോളിംഗ് കൂടുതൽ. 1.30ഓടെ പോളിംഗ് ശതമാനം 49ലായി. കടുത്തുരുത്തി ഒഴികയുള്ള മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം ഏതാണ്ട് ഒരേ പോലെ.

കടുത്ത ചൂടിനെ മറികടക്കാൻ വോട്ടർമാർ പരമാവധി നേരത്തെ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ അൽപ്പം മന്ദഗതിയിലായി. അഞ്ചു മണിയോടെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. 5.30ഓടെ പോളിംഗ് ശതമാനം 72.18 ആയി. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്നു.

 പൊലീസും എം.എൽ.എയും തമ്മിൽ വാക്കേറ്റം

പൂഞ്ഞാർ: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കേറ്റം. കൂവപ്പള്ളിയിൽ എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് പോളിംഗ് ബൂത്തിൽനിന്നുള്ള നിശ്ചിത ദൂരപരിധി ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് രംഗത്തെത്തി. ബൂത്ത് അവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ടു. 35 വർഷമായി പൊതുരംഗത്ത് സജീവമാണെന്നും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മേയ് 20 വരെ താൻ തന്നെയാണ് ഇവിടുത്തെ എം.എൽ.എ എന്നും പൊലീസിനോട് പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പകർത്തിക്കൊള്ളാനും അദ്ദേഹം വെല്ലുവിളിച്ചു. ഡി.ജി.പിക്ക് മുകളിലാണ് തന്റെ റാങ്കെന്നും തിരഞ്ഞെടുപ്പ് ഇപ്പോൾ അവസാനിക്കുമെന്നും എം.എൽ.എ ഭീഷണി മുഴക്കി. നിയമം തെറ്റിച്ചതിനെ തുടർന്നാണ് നടപടിയെന്നും അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.