പഞ്ചപാണ്ഡവർ അ‌‌‌ജ്ഞാതവാസ കാലത്ത് പാറപ്പുറത്ത് നിർമ്മിച്ച ക്ഷേത്രം, ഇന്നും കാണാം മലയാളിയുടെ പ്രിയ നഗരമദ്ധ്യത്തിൽ

Friday 10 April 2026 10:42 AM IST

5000ത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം. പഞ്ചപാണ്ഡവർ പ്രതിഷ്‌ഠ നടത്തിയെന്ന് കരുതുന്ന ഈ ആരാധനാലയം ഒരു പാറപ്പുറത്താണ്. ഇന്ന് ആ പാറ സ്ഥിതിചെയ്യുന്നത് കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് നഗരത്തിനുള്ളിലെ തിരുമലയിലാണ്. പാണ്ഡവപത്‌നിയായ പാഞ്ചാലിയും ഭീമസേനനും ചേർന്ന് പ്രതിഷ്‌ഠ നടത്തിയ ആ ക്ഷേത്രമാണ് തൃച്ചക്രപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം. പാഞ്ചാലി നിത്യവും പൂജിച്ചിരുന്ന ഭഗവാന്റെ ചതുർബാഹുവായ വിഗ്രഹമാണ് ഇവിടെ പ്രതിഷ്‌ഠിച്ചത്. തിരുവനന്തപുരം നഗരമദ്ധ്യത്തിൽ നിന്ന് ആറ് കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി കൂറ്റനൊരു പാറയുടെ മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ ക്ഷേത്രത്തെ പാറക്കോവിൽ എന്ന് വിളിക്കുന്നു.

പാറയുടെ മുകളിൽ നിന്നാൽ തിരുവനന്തപുരം നഗരത്തിന്റെ അതിമനോഹരമായ ഒരു കാഴ്‌ച‌ കാണാം. അതിനാൽതന്നെ ഭക്തരോടൊപ്പം ധാരാളം വിനോദസഞ്ചാരികളും വരുന്ന ഇടമാണിവിടം. ദ്വാപരയുഗത്തോളം പഴക്കമേറിയ വിഗ്രഹമായതിനാൽ ആത്മീയമായി ഏറെ പ്രാധാന്യം ഭക്തർ ക്ഷേത്രത്തിന് നൽകുന്നു. സ്‌ത്രീകൾക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രത്തിന് ശ്രീപദ്‌‌മനാഭസ്വാമി ക്ഷേത്രവുമായും വലിയ ബന്ധമുണ്ട്. ക്ഷേത്രത്തിന് മുന്നിലെ വലിയ പാറ ഉപയോഗിച്ചാണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം നിർമ്മിച്ചത്. രാജഭരണകാലത്തെ രേഖകളിൽ ഇക്കാര്യം പറയുന്നുണ്ട്.

ശ്രീകൃഷ്‌ണ സ്വാമിക്ക് ഉപദേവതമാരായി ശ്രീഗണപതി, വനശാസ്‌താവ് എന്നിവരുമുണ്ട്. വളരെ സവിശേഷമായ രൂപകൽപനാ ശൈലിയിലെ ശ്രീകോവിലും ഗോപുരങ്ങളുമെല്ലാം ഇവിടെ കാണാം. വിശ്വഹിന്ദു പരിഷത്തിനാണ് ഭരണാവകാശം. ചിങ്ങമാസത്തിലെ അഷ്‌ടമിരോഹിണിയോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ പതിവുള്ളത്.