കന്നുകാലി കള്ളക്കടത്ത് തടയും, എയിംസ്, ഗൃഹനാഥയ്ക്ക്  പ്രതിമാസം 3000 രൂപ ധനസഹായം; ബംഗാളിൽ വൻ വാഗ്ദാനങ്ങളുമായി ബിജെപി

Friday 10 April 2026 3:48 PM IST

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് 'സങ്കൽപ് പത്ര' എന്നുപേരിട്ടിരിക്കുന്ന പ്രകടനപത്രിക പുറത്തിറക്കിയത്. വികസനത്തിനും ശാക്തീകരണത്തിനുമുള്ള മാർഗനിർദ്ദേശമായി പ്രകടന പത്രിക പ്രവർത്തിക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. "സോണാർ ബംഗ്ലാ" എന്ന ബിജെപിയുടെ കാഴ്ചപ്പാടിനെ പത്രിക പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ഭരണം പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമാണെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ നിന്നുള്ള ഒരു വ്യക്തിതന്നെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും. സുരക്ഷ, ക്ഷേമ വിതരണം, സാമ്പത്തിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് ബിജെപ മുന്നോട്ടുവയ്ക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

പ്രധാന വാഗ്ദാനങ്ങൾ

  • കുടുംബത്തിലെ ഗൃഹനാഥയ്ക്ക് പ്രതിമാസം 3000 രൂപ ധനസഹായം.
  • തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപ അലവൻസ്.
  • മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് 15000 രൂപ ധനസഹായം. അഴിമതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് അഞ്ച് വർഷത്തെ പ്രായപരിധിയിൽ ഇളവ്.
  • സർക്കാർ രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കും.
  • 45 ദിവസത്തിനുള്ളിൽ ഡിഎ കുടിശ്ശിക തീർക്കും.
  • പൊലീസ് ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാന സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം.
  • ആറു മാസത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പിലാക്കും.
  • ദരിദ്രർക്ക് സൗജന്യ ചികിത്സയ്ക്കായി ആയുഷ്മാൻ ഭാരതുമായി ചേർന്ന് സംസ്ഥാന ആരോഗ്യ പദ്ധതി സംയോജിപ്പിക്കും.
  • അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശനമായ "കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക" എന്ന നയം.
  • അതിർത്തി പ്രദേശങ്ങളിലെ കന്നുകാലി കള്ളക്കടത്ത് തടയുക.
  • പശ്ചിമ ബംഗാളിൽ എല്ലാ കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നത് ഉറപ്പാക്കുക.
  • വടക്കൻ ബംഗാൾ ജില്ലകളിൽ എയിംസ്, ഐഐടി, ഐഐഎം, ഫാഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിക്കുക.
  • വളർച്ച വർദ്ധിപ്പിക്കുന്നതിനായി നാല് പുതിയ ടൗൺഷിപ്പുകളുടെ വികസനം.
  • ബംഗാളിന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി വന്ദേമാതരം മ്യൂസിയം നിർമ്മിക്കും.