വനത്തിനുള്ളിലെ ഒറ്റപ്പെട്ട ഗ്രാമം: പുറംലോകവുമായി ബന്ധമില്ല, പ്രവേശനം പ്രത്യേക അനുമതിയുള്ളവർക്ക് മാത്രം

Friday 10 April 2026 4:51 PM IST

അസംഖ്യം നഗരങ്ങളും ഗ്രാമങ്ങളും നിറഞ്ഞ സംസ്ഥാനമാണ് തമിഴ്നാട്. എന്നാൽ മലയോര ജില്ലയായ നീലഗിരിയുടെ താഴ്‌വരയിൽ കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന 'തെങ്ങുമരഹഡ' എന്ന കൊച്ചു ഗ്രാമത്തിന് പറയാനുള്ളത് വ്യത്യസ്തമായ ഒരു കഥയാണ്. ഒറ്റപ്പെട്ട ജീവിതങ്ങളും പ്രകൃതിഭംഗിയും കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒരിടമാണിത്.

നീലഗിരി ജില്ലയിലെ കോത്തഗിരി താലൂക്കിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോത്തഗിരിയിലെ പ്രശസ്തമായ കോടനാട് വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ 1,800 മീറ്റർ താഴെ പച്ചപ്പിൽ പൊതിഞ്ഞു കിടക്കുന്ന ഈ ഗ്രാമം കാണാം. എന്നാൽ കോത്തഗിരിയിൽ നിന്ന് ഇവിടേക്ക് നേരിട്ട് റോഡ് മാർഗം എത്തുക അത്ര എളുപ്പമല്ല.

'ദ്വീപ് ഗ്രാമത്തിലേ'ക്ക് എത്തണമെങ്കിൽ ഈറോഡ് ജില്ലയിലൂടെ ചുറ്റിക്കറങ്ങി വേണം വരാൻ. വനത്തിനുള്ളിലൂടെയുള്ള യാത്രയായതിനാൽ ഇവിടേക്കുള്ള പ്രവേശനം വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്. സത്യമംഗലം വനമേഖലയോട് ചേർന്നു കിടക്കുന്നതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യവും ഇവിടെ വളരെ കൂടുതലാണ്. അതിനാൽ പ്രത്യേക അനുമതി ലഭിച്ചവർക്ക് മാത്രമേ ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാനാവൂ.

ഇടതൂർന്ന വനത്തിന് നടുവിൽ ഒറ്റപ്പെട്ട ശാന്തസുന്ദരമായ ഗ്രാമം. സന്ധ്യകഴിഞ്ഞാൽ തെരുവുവിളക്കുകൾ തെളിയുന്ന ഗ്രാമം കോടനാട് വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ അതിമനോഹരമായ കാഴ്ചയാണ്. ഇരുണ്ട വനത്തിനുള്ളിൽ വെട്ടിത്തിളങ്ങുന്ന ചെറു നക്ഷത്രസമൂഹം പോലെ സഞ്ചാരികളെ ഇത് ആകർഷിക്കുന്നു.

ഭൂമിശാസ്ത്രപരമായി ഒറ്റപ്പെടൽ തെങ്ങുമരഹഡയിലെ മനുഷ്യരുടെ ജീവിതരീതിയെയും നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പുറംലോകത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി തനതായ സംസ്‌കാരവും ജീവിതശൈലിയുമാണ് ഇവർ ഇന്നും പിന്തുടരുന്നത്. തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഈ ഗ്രാമത്തിലെത്തിയാൽ നിങ്ങൾക്ക് അനഭവിക്കാൻ കഴിയുക. പ്രകൃതിയെയും വന്യജീവികളെയും സനേഹിക്കുന്നവർക്ക്, ജീവിതത്തിലെ തിരക്കുകളിൽ നിന്ന് സ്വര്യമായി മാറി ശാന്തമായ ഒരിടം തേടുന്നവർക്ക് തെങ്ങുമരഹഡ ഗ്രാമം വിസ്മയം തീർക്കും.