ചോർന്നതോ ചോർത്തിയതോ ?
ജനനായകന്റെ ആകെ നഷ്ടം ആയിരം കോടിക്ക് അപ്പുറം
വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ചോർന്നത് സംബന്ധിച്ച് തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ രംഗത്തും ചൂടൻ ചർച്ചകൾ. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വിജയ്‌യുടെ ജനനായകന്റെ റിലീസ് തടഞ്ഞിരിക്കുകയായിരുന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് പുറത്തായത്. വിജയ്‌യുടെ ഇൻട്രോ ഉൾപ്പെടെ അഞ്ചു മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആദ്യം ലീക്ക് ചെയ്തത്. പിന്നാലെ മൂന്നു മണിക്കൂറുള്ള സിനിമയുടെ എച്ച്.ഡി പതിപ്പും പുറത്തായി. എഡിറ്റിംഗ് ടേബിളിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നുവെന്നാണ് അഭ്യൂഹം.
സിനിമയുടെ ഭാഗങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഇവ ചോർത്തിയവർക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനോട് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. ആരും ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഭാഗങ്ങൾ പങ്കിടരുതെന്നും അങ്ങനെ ചെയ്താൽ കർശനമായ നടപടി ഉണ്ടാകുമെന്നും ആരാധകർ ഓർമ്മിപ്പിക്കുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ പേര് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൈയിൽ പച്ച കുത്തിയതായി ലീക്കായ ക്ളിപ്പുകളിലൂടെ വ്യക്തമാണ്. വിജയ്‌യുടെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമ റിലീസിനു മുൻപ് ലീക്കായി പുറത്തുവരുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ജനനായകൻ. എന്നാൽ, ഭഗവന്ത് കേസരിയുടെ ഓരോ ഫ്രെയിമും അതുപോലെ സംവിധായകൻ എച്ച്. വിനോദ് പകർത്തുവച്ചിരിക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്. സിനിമ ഇന്റർനെറ്റിൽ പ്രചരിച്ചത് അത്യന്തം വേദനാജനകം എന്ന് സംവിധായകൻ എച്ച്. വിനോദ് പ്രതികരിച്ചു. ഏപ്രിൽ 23ന് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ ലക്ഷ്യത്തിന് വിജയ് യും നിർമ്മാതാക്കളും ചേർന്ന് ചിത്രം മനപൂർവം ലീക്ക് ആക്കിയതാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സിനിമയുടെ പ്രദർശനം ബോധപൂർവം തടയുകയും തിരഞ്ഞെടുപ്പിന് ശേഷം പ്രദർശനാനുമതി നൽകാനുമായിരുന്നു നീക്കം. ഇതു മുന്നിൽ കണ്ട് സിനിമ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.400 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം നിർമ്മാതാക്കൾക്കു പുറമെ വിതരണക്കാർക്കും കനത്ത ആഘാതം നൽകുന്നു. നേരത്തേ ഒ.ടി.ടി ഡീലിൽനിന്ന് ആമസോൺ കമ്പനി പിൻമാറിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വിതരണക്കാർക്ക് അടക്കം കോടികൾ മടക്കി കൊടുക്കേണ്ട ഉത്തരവാദിത്വത്തിലാണ് നിർമ്മാതാക്കൾ.ആകെ നഷ്ടം 1000 കോടി കടക്കും എന്നാണ് വിലയിരുത്തൽ.