വില 1856 കോടി രൂപ; അമേരിക്കയുടെ സൂപ്പര്‍സ്റ്റാര്‍ ഡ്രോണുകളിലൊന്ന് ഹോര്‍മുസില്‍ അപ്രത്യക്ഷം

Friday 10 April 2026 8:03 PM IST

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സൈന്യത്തിന്റെ വിലയേറിയ ഡ്രോണുകളിലൊന്ന് കാണാനില്ലെന്ന് റിപ്പോര്‍ട്ട്. MQ-4C ട്രൈറ്റണ്‍ എന്ന നിരീക്ഷണ ഡ്രോണ്‍ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. ഇറാനിലെ ആക്രമണങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണയായതിന് തൊട്ട് പിന്നാലെയാണ് ഹോര്‍മുസില്‍ നിന്ന് ഡ്രോണ്‍ കാണാതായിരിക്കുന്നത്. റഡാര്‍ സംവിധാനങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് താഴേക്ക് പതിക്കുന്നതിന് മുമ്പ് ഒരു അടിയന്തര കോഡ് ഡ്രോണില്‍ നിന്ന് ലഭിച്ചിരുന്നു.

അടിയന്തര കോഡ് പുറപ്പെടുവിച്ചതിന് പിന്നാലെ ഡ്രോണ്‍ ട്രാക്കിംഗില്‍ നിന്ന് കാണാതാകുകയും ചെയ്തു. പേര്‍ഷ്യന്‍ ഗള്‍ഫിനും കടലിടുക്കിനും മുകളിലായി ഏകദേശം മൂന്ന് മണിക്കൂര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഡ്രോണ്‍ ഇറ്റലിയിലെ നാവിക എയര്‍ സ്റ്റേഷനായ സിഗൊനെല്ലയിലേക്ക് മടങ്ങുകയായിരുന്നു. യന്ത്രത്തകരാര്‍ മൂലമാണോ അതോ വെടിവെച്ചിട്ടതാണോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

200 മില്യണ്‍ ഡോളറിലധികം, ഏകദേശം 1856 കോടി രൂപ വിലമതിക്കുന്ന ട്രൈറ്റണ്‍, യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളില്‍ ഒന്നാണ്. നിരന്തരമായ, വലിയ തോതിലുള്ള സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത ഈ ഡ്രോണിന് 50,000 അടിക്ക് മുകളിലുള്ള ഉയരത്തില്‍ 24 മണിക്കൂറിലധികം തുടര്‍ച്ചയായി പറക്കാനാകും. 7,400 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയുണ്ട്. ഇന്ധനം നിറയ്ക്കാതെ തന്നെ വലിയ സമുദ്ര ഭാഗങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ MQ-4C ട്രൈറ്റന് സാധിക്കും.