അഞ്ച് സീറ്റിലും യു.ഡി.എഫ് ജയിക്കും: എം.പി
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ച് സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. 10 വർഷത്തെ ഇടതുപക്ഷ ദുർഭരണത്തിനെതിരായി ജനം വിധിയെഴുതിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വോട്ടിംഗ് യു.ഡി.എഫിന് അനുകൂലമായി വന്നിട്ടുണ്ട്. നിർമ്മാണ നിരോധനം, പട്ടയ നടപടികൾ മരവിപ്പിച്ചത്, ഇടുക്കി പാക്കേജ് തട്ടിപ്പ്, കൂടുതൽ ജനവാസ കേന്ദ്രങ്ങളിൽ വനഭൂമി സൃഷ്ടിക്കുന്നത് ഉൾപ്പടെ നിരവധി വിഷയങ്ങൾ ജനങ്ങളുടെ ഇടയിൽ സജീവ ചർച്ചയായി. ഇക്കാര്യത്തിൽ യു.ഡി.എഫ് കൃത്യമായ ജനപക്ഷ നിലപാട് സ്വീകരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആ നിലയിൽ യു.ഡി.എഫ് ഉയർത്തി പിടിക്കുന്ന നിലപാടിന് വലിയ സ്വീകാര്യതയുണ്ടായി. നിരവധി തവണ ചർച്ച ചെയ്യപ്പെട്ട അന്യനാട്ടിൽ നിന്ന് വരുന്ന ഇരട്ട വോട്ടുകൾ ഇക്കുറി ഗണ്യമായി കുറഞ്ഞതും പ്രധാനമായും യു.ഡി.എഫിന് അനുകൂലമാണ്. ആ നിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടായതു പോലെ ഇടുക്കി ജില്ലയിലെയും ലോക്സഭാ മണ്ഡലത്തിലെയും എല്ലാ സീറ്റിലും വിജയിക്കും. പി.സി. ജോർജ്ജും മകൻ ഷോൺ ജോർജജും ക്രൈസ്തവ ബിഷപ്പുമാരെയും വിശ്വാസ സമൂഹത്തെയും അപമാനിച്ച് കൊണ്ട് തുടർച്ചയായി പ്രസ്താവന നടത്തുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രീണിപ്പിച്ച് സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ്. ഭയപ്പെടുത്തി കൂടെ നിറുത്തുകയെന്നതാണ് ഇന്ത്യയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷത്തിന് നേരെയുള്ള നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനാൽ ഇനിയങ്ങോട്ട് ജീവിക്കാൻ സമ്മതിക്കില്ലെന്ന ഭീഷണി കേരളത്തിൽ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.