18 വർഷം : സിവിൽ സ്റ്റേഷനിലെ കാന്റീന് ലക്ഷങ്ങളുടെ വാടക കുടിശ്ശിക
കൊടുങ്ങല്ലൂർ : ഒരു രൂപ പോലും വാടക നൽകാതെ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ഗവൺമെന്റ് ഓഫീസേഴ്‌സ് കാന്റീൻ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഈ സൊസൈറ്റി ആയിരം സ്‌ക്വയർ ഫീറ്റോളം വിസ്തീർണ്ണമുള്ള സർക്കാർ കെട്ടിടമാണ് ഉപയോഗിക്കുന്നത്. 2007 മുതൽ 2025 വരെയുള്ള കാലയളവിലെ വാടക നിശ്ചയിക്കാൻ ആവശ്യമായ രേഖകൾ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിൽ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ അധികൃതർ ബോധപൂർവം വീഴ്ച വരുത്തിയതാണെന്നാണ് പൊതുപ്രവർത്തകൻ സുധീർ ഗോപിനാഥ് റവന്യൂമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
യാതൊരുവിധ നിയമപരമായ അനുമതിയോ, ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തനമെന്നാണ് വിവരാവകാശ പ്രകാരം മനസിലായതെന്ന് സുധീർ ഗോപിനാഥ് പറയുന്നു. സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട തുക ഉദ്യോഗസ്ഥരും സൊസൈറ്റി ഭാരവാഹികളും ചേർന്ന് അട്ടിമറിക്കുകയാണ്. കോൺഗ്രസ് അനുകൂല സംഘടനകളുടെ ഇടപെടലിലാണ് കാന്റീന്റെ പ്രവർത്തനമെന്നാണ് വിവരം. മതിയായ രേഖകളുടെ അഭാവം, ഗുരുതരമായ നിയമലംഘനം എന്നിവയെ തുടർന്ന് കളക്ടർ കാന്റീൻ പൂട്ടിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഇത് വീണ്ടും തുറപ്പിച്ചു. ചീഫ് സെക്രട്ടറി. റവന്യൂ സെക്രട്ടറി, കളക്ടർ, തഹസിൽദാർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
പരാതിയിൽ നാലിന ആവശ്യങ്ങളും
2007 മുതലുള്ള കെട്ടിടത്തിന്റെ വാടകയും അതിന്റെ പിഴപ്പലിശയും സഹിതം ഈടാക്കണം
കോ ഓപറേറ്റീവ് സൊസൈറ്റി നിയമപ്രകാരമുള്ള അംഗീകാരം റദ്ദാക്കണം
വാടക പിരിച്ചെടുക്കാതെ സൊസൈറ്റിയെ സഹായിച്ച ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കണം
ഈ തുക ഉപയോഗിച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിലെ ഇലക്ട്രിസിറ്റി, വാട്ടർ ബില്ല് കുടിശ്ശിക തീർക്കണം