വസതിയിൽ നോട്ടുകൂമ്പാരം, ഒടുവിൽ രാജിവച്ച് ജ. യശ്വന്ത് വർമ്മ, ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടാൻ

Saturday 11 April 2026 12:36 AM IST

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിലെ വിവാദ ജ‌ഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ അലഹബാദ് ഹൈക്കോടതി ജഡ്‌ജി സ്ഥാനം രാജിവച്ചു. ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടാനാണ് രാജി. കേസിൽപ്പെട്ടതോടെ ജുഡിഷ്യൽ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കട്ടായി ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇംപീച്ച്മെന്റിന് മുന്നോടിയായി,ജഡ്‌ജസ് ഇൻക്വയറി ആക്‌ട് പ്രകാരമുള്ള അന്വേഷണം നടക്കുകയാണ്. സ്‌പീക്കർ ഓം ബിർള രൂപീകരിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രതികൂലമാകുമെന്നും പാർലമെന്റിൽ അവിശ്വാസപ്രമേയം പാസാകുമെന്നും മനസിലാക്കിയാണ് രാജി. അന്വേഷണ സമിതി രൂപീകരിച്ചതിനെതിരെ യശ്വന്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടാൻ തയ്യാറായില്ല.

രാജിക്കത്ത് കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപദി മു‌ർമുവിന് അയച്ചു. പകർപ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനും കൈമാറി. വളരെ വേദനയോടെയാണ് പുറത്തുപോകുന്നതെന്ന് കത്തിൽ പറയുന്നു.

നാണംകെട്ട്

പടിയിറക്കം

യശ്വന്ത് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കുമ്പോഴായിരുന്നു ജുഡിഷ്യറിക്ക് നാണക്കേടുണ്ടാക്കിയ അനധികൃത സമ്പാദനക്കേസ്. 2025 മ‌ാർച്ച് 14ന് യശ്വന്തിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായപ്പോഴാണ് നോട്ടുകൂമ്പാരം കണ്ടെത്തിയത്. വിവാദമായതോടെ,​സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ജഡ്‌ജി അറിയാതെ വസതിയോടു ചേർന്നുള്ള സ്റ്റോ‌ർ റൂമിൽ നോട്ടുകൂമ്പാരം എത്തില്ലെന്ന് മൂന്നംഗസമിതി കണ്ടെത്തി. ന്യായാധിപ പദവിയിൽ നിന്ന് നീക്കണമെന്ന് റിപ്പോർട്ടു നൽകി. ഇംപീച്ച്മെന്റ് ഒഴിവാക്കാൻ രാജിവയ്‌ക്കണമെന്ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടെങ്കിലും യശ്വന്ത് തയ്യാറായില്ല. തു‌ടർന്ന് 2025 മേയിൽ ഇംപീച്ച്മെന്റിന് ശുപാർശ ചെയ്‌ത് ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്ക് ശുപാർശക്കത്ത് കൈമാറി.