ആത്മഹത്യാ മുനമ്പിൽ നിന്ന് സ്ത്രീയെ രക്ഷിച്ച് പൊലീസ്
തൃശൂർ: മാനസിക വൈഷമ്യങ്ങളെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയ്ക്ക് അതിവേഗം ചികിത്സയൊരുക്കി രക്ഷിച്ച് പൊലീസുകാർ. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വാർട്ടേഴ്‌സിൽ ഭർത്താവുമായി താമസിക്കുന്ന സ്ത്രീയെയാണ് തൃശൂർ വനിത പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അപർണ്ണയും സംഘവും രക്ഷിച്ചത്. മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ത്രീ മുൻകാലങ്ങളിൽ അപർണയെ വന്നു കാണാറുണ്ടായിരുന്നു. ആശ്വസിപ്പിച്ചും ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള നിർദ്ദേശം നൽകിയും സമാധാനപെടുത്തിയിരുന്നു. കൗൺസിലിംഗിനായും ആവശ്യമെങ്കിൽ ഡോക്ടറെ കാണാനുമുള്ള നിർദ്ദേശവും നൽകിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് അപർണ്ണയ്ക്ക് അപ്രതീക്ഷിതമായി വന്ന വീഡിയോ കോളിൽ ജീവത്യാഗത്തിന് ശ്രമിക്കുന്ന സ്ത്രീയുടെ ദൃശ്യമാണ് കണ്ടത്.
അപർണ്ണ ഉടൻ വിയ്യൂർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീവനെ വിവരമറിയിച്ചു. ഉടനെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീവും സിവിൽ പൊലിസ് ഓഫീസർ മനോജും ചേർന്ന് ഒരു മിനിറ്റിനുള്ളിൽ ക്വാർട്ടേഴ്‌സിലെത്തി. സ്ത്രീയെ രക്ഷിച്ച് കിടത്തിയ ഭർത്താവിനെയും പിടയുന്ന സ്ത്രീയെയുമാണ് അവർ കണ്ടത്. ഉടനെ സ്ത്രീയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് വാഹനത്തിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തു. നിലവിൽ ഐ.സി.യുവിൽ തുടരുന്ന സ്ത്രീയ്ക്ക് വേണ്ട കൗൺസിലിംഗിനും മറ്റ് ചികിത്സകൾക്കും വേണ്ട നിർദ്ദേശം നൽകി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അപർണ്ണ ആശുപത്രിയിലെത്തി സ്ത്രീയെ ആശ്വസിപ്പിച്ചു. മാനസിക ബുദ്ധിമുട്ടുകൾക്ക് കൗൺസലിംഗ് സഹായത്തിനായി തൃശൂർ സിറ്റി വനിത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.