വനിതാ സംവരണ ബിൽ ധൃതി പിടിച്ചു പാസാക്കരുത്: കോൺഗ്രസ്

Saturday 11 April 2026 12:54 AM IST

ന്യൂഡൽഹി:വനിതാ സംവരണ ബിൽ ധൃതി പിടിച്ചു പാസാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഇന്നലെ ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിഷയം ചർച്ച ചെയ്‌തു.രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് മോദി സർക്കാർ 16 മുതൽ മൂന്നു ദിവസത്തേക്ക് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു.

ബിൽ എത്രയും വേഗം പാസാക്കിയെടുക്കാനാണ് അവരുടെ ശ്രമം.തമിഴ്നാട്ടിൽ 23നും,പശ്ചിമബംഗാളിൽ 23നും 29നുമാണ് നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ അവിടെ നിന്നുള്ള ഭൂരിഭാഗം എം.പിമാരും തിരക്കിലാണ്.29ന് ശേഷം സർക്കാർ സർവകക്ഷിയോഗം വിളിച്ച് വിഷയം ഗൗരവമായി ച‌ർച്ച ചെയ്യണമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിന് മൂന്നു തവണ കത്തു നൽകി.എന്നാൽ മോദി സർക്കാർ മുഖം തിരിച്ചു നിൽക്കുന്നു.

തിരഞ്ഞെടുപ്പ് നേട്ടത്തിനാണ് ശ്രമം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിത്.ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓഫീസ് പോലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത്.അതിനാൽ ഇത്തരം കാര്യങ്ങൾ അവ‌ർ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.മണ്ഡല പുനർനിർണയം സംബന്ധിച്ച വ്യവസ്ഥകൾ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത് മോദി സർക്കാർ ശീലമാക്കി മാറ്റിയിരിക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ ആശയമാണ്

വനിതാ സംവരണം കോൺഗ്രസിന്റെ ആശയമാണെന്ന് ഖാർഗെ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് മാറ്റത്തിന് തുടക്കമിട്ടത്. തദ്ദേശസ്ഥാപനങ്ങളിലെ വനിതാ സംവരണം കോൺഗ്രസ് സർക്കാർ നടപ്പാക്കിയെന്നും അറിയിച്ചു.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയവ‌ർ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു.