ശൗര്യം ഒടുങ്ങാതെ തെരുവുനായ്ക്കൾ കുരച്ചുചാടാം, കടിച്ചുകീറാം

Saturday 11 April 2026 11:26 PM IST

കോട്ടയം: മനസിൽ ഭയമുണ്ട്. പക്ഷേ പുറത്തിറങ്ങാതെ നിവർത്തിയില്ല. കോടിമതയിൽ എം.ജി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കലിപൂണ്ട തെരുവുനായ്ക്കൾ പാഞ്ഞടുക്കും. കാൽനടയായും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ. വളർത്തുമൃഗങ്ങളും തെരുവുനായ ആക്രമണത്തിന് ഇരയാവുകയാണ്. പരാതിയും പരിഭവങ്ങളും ഏറുമ്പോഴും കോടിമതയിലെ എ.ബി.സി സെന്റർ ഇപ്പോഴും നോക്കുകുത്തിയാണ്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയാറാക്കിയിട്ടും എല്ലാം വിഫലം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് നഗരത്തിൽ അലഞ്ഞുനടക്കുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്.

ശല്യംഇവിടെ രൂക്ഷം മാർക്കറ്റ് റോഡ്

കോടിമത

ബസ് സ്റ്റാൻഡ്

പാസ്‌പോർട്ട് ഓഫീസ് റോഡ്

ടി.ബി റോഡ്

വില്ലനായി മാലിന്യം: കോടിമതയിൽ വൻതോതിൽ അറവുശാല മാലിന്യം ഉൾപ്പെടെ തള്ളുന്നതാണ് തെരുവുനായ ശല്യത്തിന് പ്രധാന കാരണം. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കളുടെ നടുവിലാണ്.

അക്രമണങ്ങൾ നിരവധി: കഴിഞ്ഞവർഷം കോട്ടയം കെ.എസ്.ആർ.ടി.സി, നാഗമ്പടം എന്നിവിടങ്ങളിൽ തെരുവുനായ ആക്രമണത്തിൽ പതിനഞ്ചിലേറെപ്പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം കുമരകത്ത് വീട്ടമ്മ വളർത്തിയിരുന്ന 15 ലേറെ മുട്ടക്കോഴികളെയാണ് തെരുവുനായ്ക്കൾ കൊന്നത്.