ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തും; ഭീഷണിയുമായി ഡോണാൾ‌ഡ് ട്രംപ്

Saturday 11 April 2026 7:30 PM IST

വാഷിംഗ്‌ടൺ : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുമായുള്ള നിർണായക ചർച്ച പാകിസ്ഥാന്റെ മദ്ധ്യസ്ഥതയിൽ ആരംഭിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി യു,​എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഞ്ചു മണിക്കൂറോളം വൈകി ആരംഭിച്ച ചർച്ചയെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ പ്രതികരണം. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി.

ഇറാനെ തക‌ർന്നു കൊണ്ടിരിക്കുന്ന രാജ്യമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ എണ്ണക്കടത്തിനായി തുറന്നു കൊടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

യു.എസ് വൈസ് പ്രസിഡന്റ് ജെ,ഡി. വാൻസ് ആണ് ഇസ്ലാബാദിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയത്.

അതേസമയം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കാതിരുന്നാൽ മാത്രമേ ചർച്ചകൾ കൊണ്ട് പ്രയോജനമുണ്ടാകൂ എന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്ന നിബന്ധനയും ഇറാൻ മുന്നോട്ടുവച്ചു.