ഉദയനാപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം: വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച് 5 എൻ 1 ) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും മാർഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു.
ഉദയനാപുരം ഗ്രാമപഞ്ചായത്തിന് പുറമേ 10 കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ പഞ്ചായത്തുകളുടെ പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തി. താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്ന് ദിവസത്തേക്ക് നിരോധിച്ചു.