ഡീസലിന്റെ കയറ്റുമതി തീരുവ കുത്തനെ കൂട്ടി; വരുമാനം വ‌‌ർദ്ധിപ്പിക്കാനെന്ന് കേന്ദ്രം

Saturday 11 April 2026 8:37 PM IST

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡീസലിന്റെ കയറ്റുമതി തീരുവയും എക്‌സൈസ് തീരുവയും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസൽ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് കേന്ദ്രം ഉയർത്തിയത്. എന്നാൽ പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല. ഹൈസ്പീഡ് ഡീസലിന്റെ സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് തീരുവ ലിറ്ററിന് 24 രൂപയായി ഉയർത്തി. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് ലിറ്ററിന് 36 രൂപയായും നിശ്ചയിച്ചു.

അതേസമയം, വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവയും കൂടും. ലിറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായാണ് നിലവിൽ വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനും സർക്കാർ ഖജനാവിലേക്ക് കൂടുതൽ വരുമാനം എത്തിക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നീക്കം. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ എണ്ണക്കമ്പനികളുടെ ലാഭവിഹിതത്തെയും ആഗോള വിപണിയിലെ ഇടപാടുകളെയും ഇത് ബാധിച്ചേക്കാം.