കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനിഷ് മുംബയിൽ പിടിയിലായി
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പിടികൂടി. മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ മുംബയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം വിനീഷിനെ പിടികൂടിയത്. ഇയാൾക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ അടുത്ത ദിവസം നാട്ടിലെത്തിക്കും.
കഴിഞ്ഞ ഡിസംബർ 29നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ടോയ്‌ലെറ്റിലെ ചുമർ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് പത്ത് ദിവസത്തോളം ശ്രമിച്ചാണ് ഇയാൾ സെല്ലിലെ ടൈലുകൾ ഇളക്കിമാറ്റിയത്. തുടർന്ന് ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. രക്ഷപ്പെട്ട വിനീഷ് മുംബയിൽ എത്തുകയും അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ബന്ധപ്പെടാൻ ശ്രമിച്ച വിനീഷിന്റെ ടവർ ലൊക്കേഷൻ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2021ലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ (21) നിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ട ശേഷമാണ് വീട്ടിൽ അതിക്രമിച്ച് കയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്. റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2022ലും പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലായി.