കണിയൊരുക്കാൻ വിഷുവിപണി റെഡി
ആലപ്പുഴ: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, വിപണി സജീവമായി. പതിവ് പോലെ ഇത്തവണയും കൃഷ്ണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അന്യസംസ്ഥാന സംഘങ്ങൾ ആഴ്ചകൾക്ക് മുമ്പേ കൃഷ്ണ വിഗ്രഹങ്ങളുമായി നഗരത്തിൽ തമ്പടിച്ചുകഴിഞ്ഞു. നൂറ്റിയിരുപത് രൂപ മുതലാണ് പ്ലാസ്റ്റർ ഒഫ് പാരീസിൽ തീർത്ത വിഗ്രഹങ്ങളുടെ വില. കൃഷ്ണ വിഗ്രഹങ്ങളിൽ തന്നെ പല ഭാവങ്ങളിലുണ്ട്.
ഓടക്കുഴൽ വായിക്കുന്നത്, രാധയ്ക്കൊപ്പമുള്ളത്, കാലികളെ മേയ്ക്കുന്നത് എന്നിങ്ങനെ പല തരത്തിലാണ് വിഗ്രഹങ്ങൾ.
കണികാണാൻ നാല് ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതോടെ കണിവെള്ളരിയടക്കമുള്ള പച്ചക്കറികൾ ചന്തകളിലെത്തിത്തുടങ്ങി. സ്വർണ വർണമുള്ള വെള്ളരിക്കാണ് ഡിമാൻഡ്. ഇവയ്ക്കൊപ്പം ചെറിയ മത്തങ്ങ, ചക്ക, മാങ്ങ എന്നിവ തേടിയും ആവശ്യക്കാരെത്തുന്നുണ്ട്. കൊന്നപ്പൂക്കൾ വിഷുവിന് തല ദിവസമാണ് വിപണിയിലെത്തുക. എന്നാൽ, പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത കൊന്നപ്പൂക്കൾ ഇത്തവണ നേരത്തെ തന്നെ കടകളിലെത്തിയിട്ടുണ്ട്. മുപ്പത് രൂപ മുതലാണ് വില. ഇതിന് പുറമേ ഓട്ടുരുളി, കസവ് മുണ്ട്, വാൽക്കണ്ണാടി എന്നിവയ്ക്കും ആവശ്യക്കാർ ധാരാളമാണ്. വിഷു എടുത്തതോടെ കണിക്കൊന്നയുടെയും മയിൽപ്പീലിയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
കൃഷ്ണ വിഗ്രഹങ്ങൾ
125- 2000 രൂപവരെ
കണിവെള്ളരി
30 രൂപ മുതൽ
വിഷുഅടുത്തതോടെ കൃഷ്ണ വിഗ്രഹം തേടി ധാരാളം പേരെത്തുന്നുണ്ട്. ഇവയ്ക്കൊപ്പം കസവ് വസ്ത്രങ്ങൾ, ഓട്ടുരുളി, മയിൽപ്പീലി, കുങ്കുമച്ചെപ്പ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്
- സന്ധ്യ, ഹാൻഡിക്രാഫ്ട് ഷോപ്പ്, ആലപ്പുഴ