കൊയ്ത നെല്ല് പാടത്ത്, ഭീഷണിയായി മഴ
ആലപ്പുഴ : തിരഞ്ഞെടുപ്പ് ചുമതലകൾക്ക് ശേഷം സപ്ളൈകോ ഉദ്യോഗസ്ഥർ മടങ്ങിയെത്തിയെങ്കിലും പല പാടശേഖരങ്ങളിലും കൊയ്തിട്ട നെല്ല് സംഭരിക്കാൻ നടപടിയില്ല. ബാങ്കുകളിൽ പണം ഇല്ലാത്തതിന്റെ പേരിൽ സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് തുക വിതരണം ചെയ്യുന്നതിലും നടപടിയായിട്ടില്ല.
വിളവെടുത്ത് പതിനഞ്ച് ദിനം പിന്നിട്ടിട്ടും നെല്ല് സംഭരണം നടക്കാത്തതിനാൽ തലവടി കൃഷിഭവൻ പരിധിയിലെ ചൂട്ടുമാല പാടശേഖരത്തെ കർഷകർ തലവടി കൃഷിഭവൻ ഉപരോധിച്ചു ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടത്വാ പൊലീസ് സ്ഥലത്ത് എത്തുകയും തുടർന്ന് കൃഷി ഓഫിസർ സ്‌നേഹയും സമിതി ഭാരവാഹികളുമായി ചർച്ച നടത്തുകയും ചെയ്തതിനു ശേഷം പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രതിഷേധക്കാർ തോമസ് കെ.തോമസ് എം.എൽ.എയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കൃഷി ഓഫിസറെ ഫോണിൽ വിളിച്ച് അടിയന്തര നടപടിയ്ക്ക് എം.എൽ.എ നിർദ്ദേശം നൽകി. നെല്ലെടുപ്പ് താമസിച്ചാൽ സമര പരിപാടികൾ ശക്തമാക്കാനാണ് സമതിയുടെ തീരുമാനം. കർഷക പ്രതിനിധികളായ ഡോ. ജോൺസൺ വി ഇടിക്കുള, ശ്രീകല നായർ, സാം തോമസ്, ശ്രീദാസ്.വി, എൻ. ഗോപിനാഥൻ, രജീഷ് കുമാർ പൊയ്യാലുമാലിൽ, ചെറിയാൻ ജോർജ്ജ്, ബാബു ചെറിയാൻ, രമേശൻ, ചാക്കോ മാത്യു, സി.കെ ഹരിദാസ്, എ.ഒ.ഗീവർഗീസ്, റെജി ജോർജ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
സംഭരണത്തിന് നടപടിയില്ല
ചൂട്ടുമാലി പാടശേഖരത്തിലെ വിളവെടുപ്പ് മാർച്ച് 28 നാണ് നടന്നത്
വിളവെടുത്ത നെല്ല് ഇപ്പോഴും പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്
വേനൽമഴ എത്തിയാൽ കൂട്ടിയിട്ടിരിക്കുന്നനെല്ല് വെള്ളത്തിൽ മുങ്ങും
പിന്നീട് നെല്ലെടുക്കാൻ മില്ലുകാർ വരില്ലെന്ന ആശങ്കയാണ് കർഷകർക്കുള്ളത്
ചൂട്ടുമാലി പാടശേഖരം
110 ഏക്കർ
ഇതിനോടകം പലതവണ പാഡി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നെല്ലെടുപ്പ് എപ്പോൾ നടക്കുമെന്ന് കൃത്യമായി മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല
- കർഷകർ